മനാമ: കേരളാ റീജിയണ്‍ ഓഫ് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ബഹ്‌റൈന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് റവ. ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. യോഗത്തില്‍ രഞ്ജിത് സ്വാഗതം ആശംസിച്ചു. ക്രൈസ്തവ വൈദികര്‍ക്ക് മാത്രകയാവേണ്ട ജീവിതമായിരുന്നു ഫാദര്‍ സ്റ്റാന്‍ സ്വാമിയുടേതെന്നും ഇന്ത്യന്‍ ഭരണകൂടം നടത്തിയ കൊലപാതകമാണിതെന്നും അധ്യക്ഷ പ്രസംഗത്തില്‍ ബഹ്‌റൈന്‍ യൂണിറ്റ് പ്രസിഡന്റ് ജോണ്‍സണ്‍ പറഞ്ഞു. 

കാത്തലിക് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ സ്വാമിയുടെ നേരെ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല, ഈ രാജ്യത്തു നടമാടിക്കൊണ്ടിരിക്കുന്ന ഭീകരതയുടെ അടയാളം കൂടിയാണ്. ഇത്തരത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഇനിയും അനുവദിച്ചു കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

കാത്തലിക് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തി. ചില നിഗൂഢ ശക്തികളാല്‍ നടപ്പാക്കപ്പെടുന്ന നിയമങ്ങളാണ് നമ്മുടെ പാര്‍ലമെന്റില്‍ അംഗീകരിക്കപ്പെടുന്നതെന്നും ഇത്തരത്തിലുള്ള സമകാലീന ദുരന്തത്തിന് നമ്മള്‍ സാക്ഷ്യം വഹിക്കുകയാണെന്നും ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് ആത്മശാന്തി നേര്‍ന്നുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. പിന്നീട് ഫാദര്‍ സ്റ്റാന്‍ സ്വാമിയേ അനുസ്മരിച്ചു കൊണ്ട് ആലപ്പുഴ രൂപതയുടെ അന്തര്‍ദേശീയ പ്രവാസി സംഘടനയുടെ ജനറല്‍ സെക്രട്ടറി പോള്‍ ഗ്രിഗറി സംസാരിച്ചു. തുടര്‍ന്ന് യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പീറ്റര്‍ സോളമന്‍ നന്ദി അറിയിച്ചു.