മനാമ: വേള്‍ഡ് മലയാളീ കൗണ്‍സില്‍ 2021ലെ ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു. കോവിഡ് കാലഘട്ടത്തില്‍ പ്രവാസി ഭാരതീയര്‍ക്കും  പ്രവാസി മലയാളികള്‍ക്കും വേണ്ടി ചെയ്ത നിസ്തുല പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചു ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡണ്ടും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ പി.വി രാധാകൃഷ്ണ പിള്ളയ്ക്കാണ് അവാര്‍ഡ് സമ്മാനിക്കുന്നതെന്നു വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍. പി. എ. ഇബ്രാഹിം ഹാജി (ദുബായ്), പ്രസിഡണ്ട് ഗോപാലപിള്ള (യു.എസ്.എ), വൈസ് പ്രസിഡണ്ട് ജോണ്‍ മത്തായി, മിഡില്‍ ഈസ്റ്റ് റീജിയണ്‍ പ്രസിഡണ്ട് രാധാകൃഷ്ണന്‍ തെരുവത്ത് (ബഹ്‌റൈന്‍) ജനറല്‍ സെക്രട്ടറി ദീപു ജോണ്‍ (ഒമാന്‍), ജോളി തടത്തില്‍ (ജര്‍മനി), അബ്ദുള്ള മഞ്ചേരി (സൗദി അറേബ്യ) തുടങ്ങിയവരടങ്ങിയ അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് അവാര്‍ഡിനായി രാധാകൃഷ്ണ പിള്ളയെ തിരഞ്ഞെടുത്തത്.

കോവിഡ്-19 മഹാമാരിയില്‍ അവശത അനുഭവിക്കുന്ന ബഹ്‌റൈനിലെ സഹജീവികള്‍ക്ക് ദേശ-ഭാഷാ വ്യതാസമില്ലാതെ ഉറച്ച പിന്തുണയുമായി ബഹ്റൈന്‍ കേരളീയ സമാജം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനമായിരുന്നു. സാമാജത്തിന്റെ പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അമരക്കാരനായി നിന്ന് ലോകത്തിനു തന്നെ മാതൃകയായി മാറിയ സേവനങ്ങളെ മുന്‍ നിര്‍ത്തിയാണ് ഗോള്‍ഡന്‍ ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ് രാധാകൃഷ്ണ പിള്ളക്ക് നല്‍കുന്നതെന്ന് വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ പി. എ. ഇബ്രാഹിം ഹാജി പറഞ്ഞു .

കോവിഡ് മഹാമാരിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് സ്വന്തം നാട്ടിലേക്ക് പോകാന്‍ കഴിയാതെ ഭക്ഷണം, മരുന്ന്, പാര്‍പ്പിടം എന്നിവയ്ക്കായി സഹായം തേടിയ ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിനായി 25ലധികം സന്നദ്ധ പ്രവര്‍ത്തകരുമായി 24 മണിക്കൂര്‍ കോള്‍ സെന്റര്‍ സജ്ജമാക്കികൊണ്ടായിരുന്നു സമാജത്തിന്റെ ജനപിന്തുണ നേടിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അഭ്യുദയകാംക്ഷികള്‍, ക്യാപിറ്റല്‍ ഗവര്‍ണറേറ്റ്, ഐ. സി. ആര്‍. എഫ്. എന്നിവയില്‍ നിന്നും വലിയ ഒരു ശേഖരം അവശ്യ ഭക്ഷ്യവസ്തുക്കള്‍ സമാഹരിച്ചുകൊണ്ടു ബഹറിന്‍ കേരളീയ സമാജം സന്നദ്ധ പ്രവര്‍ത്തകര്‍ ഫുഡ് കിറ്റുകള്‍ അര്‍ഹതപ്പെട്ട വീടുകളിലേക്കും ലേബര്‍ ക്യാമ്പുകളിലേക്കും മറ്റും ചിട്ടയായി എത്തിച്ചുകൊടുത്തുകൊണ്ടായിരുന്നു അടുത്ത ചുവട്. കോവിഡിന്റെ രണ്ടാം ഘട്ടത്തിലും നോര്‍ക്ക, ഐ. സി. ആര്‍. എഫ്, മറ്റ് രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ സംഘടനകളെ ഒരുമിപ്പിച്ച് 5000 ത്തിലധികം ഭക്ഷണ കിറ്റുകളാണ് സമാജം വിതരണം ചെയ്തത്. 

ബഹറിനിലെ  പ്രമുഖ ഡോക്ടര്‍മാരുടെ ഒരു പാനല്‍ സജ്ജമാക്കികൊണ്ടു കോള്‍ സെന്റര്‍ ആരംഭിക്കുകയും നിരവധി ആളുകള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ഉപദേശിക്കുകയും അവ എത്തിച്ചു നല്‍കുകയും ചെയ്തു. ബഹ്‌റൈനില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ കേരളത്തില്‍ നിന്ന് എത്തിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സമാജം ചെയ്തത്. അനവധി ഇന്ത്യക്കാരാണ് ഈ സഹായം ഉപയോഗപ്പെടുത്തിയത്. കൊറോണ വൈറസ് മൂലം ബഹ്‌റൈനില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബങ്ങള്‍ക്കുള്ള സഹായ ധനം പ്രഖ്യാപിച്ചത് കാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറ്റൊരു മുഖമായിരുന്നു.
ഇന്ത്യന്‍ എംബസി, ബഹറിന്‍ വിദേശകാര്യ മന്ത്രാലയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ഗള്‍ഫ് എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് എന്നിവയുടെ സഹായത്തോടെ കോവിഡ്-19 മൂലമുള്ള യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ 29 ചാര്‍ട്ടേഡ് വിമാനങ്ങളാണ് ബഹ്റൈന്‍ കേരളീയ സമാജം ഇക്കാലയളവില്‍ ഒരുക്കിയത്. ജോലി നഷ്ടവും സാമ്പത്തിക ക്ലേശവും മൂലം വലഞ്ഞ 300ല്‍ അധികം ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാനും സമാജത്തിനു കഴിഞ്ഞു. തൊഴില്‍ വിസ കാലാവധി തീരുന്ന ഇന്ത്യന്‍ പ്രവാസികളെയും ബഹ്റൈനിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നുമുള്ള അഭ്യര്‍ത്ഥനയെ മാനിച്ച്, ഇന്ത്യയില്‍ നിന്ന് ബഹറിനിലേക്ക് 11 വിമാനങ്ങളാണ് ബഹറിന്‍ കേരളീയ സമാജാത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയത്.

ഏറ്റവും ഒടുവില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമം ഇന്ത്യയില്‍ രൂക്ഷമായപ്പോള്‍, ഇന്ത്യന്‍ എംബസ്സിയുടെ സഹായാഭ്യര്‍ഥന പരിഗണിച്ചു ചുരുങ്ങിയ സമയം കൊണ്ട് 280 സിലിണ്ടറുകള്‍ക്കുള്ള തുകയാണ് സമാജം ഇന്ത്യന്‍ എംബസിക്കു കൈമാറിയത്. കേരള സര്‍ക്കാരിന്റെ സഹായാഭ്യര്‍ഥന മാനിച്ചു കേരളത്തിലേക്ക് 137 ഓക്‌സിജന്‍ നിറച്ച സിലിണ്ടറുകള്‍ അയച്ചു കൊടുക്കാനും സമാജത്തിനു സാധിച്ചു. 

രാധാകൃഷ്ണപിള്ള ഭാരത സര്‍ക്കാരിന്റെ പരമോന്നത പ്രവാസി പുരസ്‌കാരമായ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമാണ്. ബഹ്റൈനിലെ ഇന്ത്യന്‍ സ്‌കൂളിന്റെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 29 വര്‍ഷമായി കുടുംബസമേതം ബഹ്റൈനില്‍ താമസിക്കുന്ന  രാധാകൃഷ്ണപിള്ള ബഹ്റൈന്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയില്‍ സീനിയര്‍ എന്‍ജിനിയര്‍ ആണ്. മാവേലിക്കര സ്വദേശിയായ രാധാകൃഷ്ണപിള്ളയുടെ എല്ലാ സാമൂഹികപരോപകാര പ്രവര്‍ത്തനങ്ങള്‍ക്കും പത്‌നി, ലത, മക്കളായ രാധിക കൃഷ്ണന്‍ രഞ്ജിനി കൃഷ്ണന്‍ ജാമാതാവ് നിതിന്‍ രാജ് എന്നിവര്‍ ഉറച്ച പിന്തുണയാണ് നല്‍കുന്നത്.  

പ്രഥമ ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കിയ രാധാകൃഷ്ണ പിള്ളയെ ജൂലായ് ഒമ്പതിന് നടക്കുന്ന ചടങ്ങില്‍ ആദരിക്കും. പ്രസ്തുത ചടങ്ങില്‍ കേരള ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ മുഖ്യ അതിഥിയായിരിക്കും. ഫാദര്‍ ഡേവിസ് ചിറമല്‍ മുഖ്യ പ്രഭാഷകനായും, പ്രശസ്ത കവി വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ വിശിഷ്ടാതിഥിയായും പങ്കെടുക്കും.