bahrainബഹ്റൈന്‍: പ്രമുഖ സാഹിത്യകാരന്‍ ഓംചേരി എന്‍.എന്‍.പിള്ള ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ സാഹിത്യ അവാര്‍ഡിന് അര്‍ഹനായി. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനയെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. 

ഡല്‍ഹി ആകാശവാണിയില്‍ സേവനമനുഷ്ഠിച്ച ഓംചേരി നാടകം, നോവല്‍, ചെറുകഥാ വിഭാഗങ്ങളിലാണ് ശ്രദ്ധിക്കപ്പെട്ടത്. കോട്ടയം വൈക്കം സ്വദേശിയാണ് ഓംചേരി. എഴുത്തുകാരായ എം.മുകുന്ദന്‍, ഡോ.കെ.എസ്.രവികുമാര്‍, കേരള ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, പി.വി.രാധാകൃഷ്ണപിള്ള എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് തിരഞ്ഞെടുത്തത്. 50,000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഡല്‍ഹിയില്‍ വെച്ച് വിതരണം ചെയ്യുമെന്ന് അവാര്‍ഡ് പ്രഖ്യാപനം നടത്തിക്കൊണ്ട് സമാജം ഭാരവാഹികളായ പി.വി.രാധാകൃഷ്ണപിള്ള, വര്‍ഗീസ് കാരയ്ക്കല്‍, ഫിറോസ് തിരുവല്ല എന്നിവര്‍ അറിയിച്ചു. 

എം.ടി.വാസുദേവന്‍ നായര്‍, ഒ.എന്‍.വി., എം.മുകുന്ദന്‍, ടി.പത്മനാഭന്‍, എം.കെ.സാനു, കെ.ജി.ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കര്‍, സക്കറിയ, പ്രഭാവര്‍മ്മ എന്നിവരാണ് മുന്‍പ് ബഹ്റൈന്‍ കേരളീയസമാജം അവാര്‍ഡ് നേടിയവര്‍.