മനാമ: ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ബഹ്‌റൈന്‍ സീറോ മലബാര്‍ സോസൈറ്റി അനുശോചിച്ചു. സത്യവും ധര്‍മ്മവും നീതിയും ഐ.സി.യുവില്‍ നിന്നും വെന്റിലേറ്ററിലേക്ക് മാറിയതിന്റെ ഏറ്റവും വലിയ തെളിവാണ് സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണമെന്ന് പ്രസിഡണ്ട് ചാള്‍സ് ആലുക്ക അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, ഇന്ത്യന്‍ ക്ലബ് ജനറല്‍ സെക്രട്ടറി ജോബ്, ബഹ്‌റൈന്‍ കേരള സമാജം സെക്രട്ടറി വര്‍ഗ്ഗീസ് കാരയ്ക്കല്‍, കേരള കാത്തലിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി, ബി. കെ. എസ്. എഫ്. പ്രസിഡണ്ട് ബഷീര്‍ അമ്പലായി, സാമൂഹ്യ പ്രവര്‍ത്തക ഷെമിലി. പി. ജോണ്‍, ബഹറിന്‍ പ്രതിഭ ജനറല്‍സെക്രട്ടറി ലിവിന്‍, ഒ. ഐ. സി. സി. പ്രസിഡണ്ട് ബിനു കുന്നന്താനം, ഐമാക് ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, സീറോ മലബാര്‍ സൊസൈറ്റി വൈസ് പ്രസിഡണ്ട് പോളി വിതയത്തില്‍, സേവി മാത്തുണ്ണി, ബെന്നി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

ഇന്ത്യയെ മഹത്തായ ഇന്ത്യയാക്കുന്നതില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ വഹിച്ച സേവനങ്ങളെ മനസ്സിലാക്കാത്തവരാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തിന്റെ പുറകിലെന്ന് ബഹറിന്‍ കേരള സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ പറഞ്ഞു. മനുഷ്യത്വവും കാരുണ്യവും വറ്റിപ്പോയ ഭരണകൂടം നടത്തിയ അതിക്രൂരമായ കൊലപാതകമാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണമെന്ന് പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ പറഞ്ഞു. സ്വന്തമായി ഒരു ഗ്ലാസ് വെള്ളം പോലും പിടിക്കാന്‍ കഴിയാത്ത സാധു വൃദ്ധ പുരോഹിതനോട് കാണിച്ച മനുഷ്യത്വരഹിതമായ നടപടികളെ ചോദ്യം ചെയ്യാന്‍ പോലും ആരുമുണ്ടായില്ല എന്നത് നമ്മുടെ നാട് എങ്ങോട്ട് പോകുന്നു എന്നതിന്റെ സൂചനയാണെന്ന് ഒ. ഐ. സി. സി. പ്രസിഡണ്ട് ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു. രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് അതിവേഗം നീങ്ങുകയാണെന്ന ശക്തമായ മുന്നറിയിപ്പാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡിമരണമെന്ന് ബഹറിന്‍ പ്രതിഭ ജനറല്‍ സെക്രട്ടറി ലിവിന്‍ പറഞ്ഞു. ചര്‍ച്ചകളെ ജോജി വര്‍ക്കി നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി സജു സ്റ്റീഫന്‍ സ്വാഗതവും, ട്രഷറര്‍ മോന്‍സി മാത്യു നന്ദിയും പറഞ്ഞു.