മനാമ: കോവിഡ്, വെര്‍ച്വലാക്കപ്പെട്ട കുടുംബങ്ങള്‍ എന്ന വിഷയത്തില്‍ ഫ്രന്റസ് സോഷ്യല്‍ അസോസിയേഷന്‍ റിഫ ഏരിയ വനിതാ വിഭാഗം സ്ത്രീകള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടിയില്‍ ഡോക്ടറും എഴുത്തുകാരിയുമായ ഷിംന അസീസ് ക്ലാസ് നയിച്ചു. കുടുംബങ്ങളുടെ നെടുംതൂണുകള്‍ എന്ന നിലക്ക് സ്ത്രീകള്‍ തങ്ങളുടെ ആരോഗ്യം ഈ കോവിഡ് കാലത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതിനെകുറിച്ചും വീടുകള്‍ക്കുള്ളില്‍ അടച്ചിടപ്പെട്ട കുടുംബാംഗങ്ങളുടെ മാനസിക ശാരീരിക ആരോഗ്യത്തിനായി എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നതിനെകുറിച്ചും ഡോക്ടര്‍ സംസാരിച്ചു. എല്ലാം വെര്‍ച്വലായി മാറിയ ഇക്കാലത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏതൊക്കെ രീതിയില്‍ അതിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താമെന്നും അവര്‍ വിശദീകരിച്ചു. 

പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി നല്‍കി. ഫ്രന്റസ് റിഫ ഏരിയ വനിതാവിഭാഗം സെക്രട്ടറി സൗദ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സഹ്‌റ അഷ്‌റഫ് പ്രാര്‍ഥനാഗീതം ആലപിച്ചു. ഈസ്റ്റ് റിഫ യൂണിറ്റ് സെക്രട്ടറി ഷിജിന ആഷിഖ് സ്വാഗതവും ഈസ ടൗണ്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് ശരീഫ സുബൈര്‍ നന്ദിയും പറഞ്ഞു. ഷൈമില നൗഫല്‍ നിയന്ത്രിച്ച പരിപാടിക്ക് ബുഷ്റ റഹിം, നുസ്ഹ കമറുദ്ധീന്‍, രേഷ്മ ഇസ്മയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.