bahrainമനാമ: ഒരായുസ്സ് മുഴുവന്‍ ജാര്‍ഖണ്ഡിലെ ആദിവാസികളുടെ പുരോഗതിക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച ദൈവത്തിന്റെ നല്ല ഇടയന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ ആലപ്പുഴ രൂപത അന്തര്‍ദേശീയ പ്രവാസി കമ്മീഷന്‍ അനുശോചനം രേഖപ്പെടുത്തി. അനീതിക്കെതിരെ പോരാടിയ അദ്ദേഹത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഭരണകൂടം തടങ്കലില്‍ പാര്‍പ്പിച്ചത്. ആവശ്യമായ ചികിത്സ പോലും നിഷേധിച്ചു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് അദ്ദേഹം നേരിട്ടത്. ദളിതരും ആദിവാസികളുമടങ്ങിയ സാധാരണ മനുഷ്യരുടെ പൗര അവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ടതാണ് അദ്ദേഹത്തെ ഭരണകൂടത്തിന്റെ കണ്ണിലെ കരടാക്കിയതെന്ന് യോഗത്തില്‍ പ്രസംഗിച്ചു കൊണ്ട് അംഗങ്ങള്‍ സൂചിപ്പിച്ചു. 

ഈശോ സഭ വൈദീകനായ അദ്ദേഹം ജാര്‍ഖണ്ഡിലെ ഗോത്ര വര്‍ഗക്കാര്‍ക്കിടയിലാണ് തന്റെ ആയുസിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. 2018 ജനുവരി ഒന്നിന്‌ അദ്ദേഹത്തെ നിയമവിരുദ്ധ നിരോധന നിയമം, അനധികൃതമായി ചുമത്തി ജയിലില്‍ അടച്ചു. കെട്ടിച്ചമച്ച തെളിവുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം ഭരണകൂട ഭീകരതയ്ക്കു ഇരയാവുകയായിരുന്നു. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യ നില പോലും കണക്കിലെടുക്കാതെ, ആവശ്യമായ ചികിത്സ യഥാസമയം നല്‍കാതെ മരണത്തിലേക്ക് തള്ളി വിടുകയായിരുന്നു. ജയില്‍ വാസ കാലയളവിലും ക്രൂരമായ പീഡനങ്ങളാണ് അദ്ദേഹം നേരിടേണ്ടി വന്നത്. പുരോഗതിയുടെ ഉന്നതിയിലെത്തിയെന്ന് വാദിക്കുന്ന നമ്മുടെ ദേശത്തു ഇത്ര വലിയ ഒരു മനുഷ്യവകാശ ലംഘനം നടന്നിട്ടും നീതിദേവതയുടെ കണ്ണുകള്‍ അടഞ്ഞു തന്നെ ഇരുന്നു. അദ്ദേഹത്തിനായി ഉയര്‍ന്ന ഓരോ ശബ്ദവും അടിച്ചമര്‍ത്തപ്പെട്ടു. 
 
ഇന്ത്യ എന്ന ഏറ്റവും മഹത്തരമായ ജനാധിപത്യ രാജ്യത്തിന്റെ മൂല്യ തകര്‍ച്ചയാണ് നീതി നിഷേധിക്കപ്പെട്ടു മരണമടഞ്ഞ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ചിത്രം. കാലം ഇതിനു കണക്കു ചോദിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ആലപ്പുഴ മൈഗ്രന്റ്സ് കമ്മീഷന്റെ സെന്‍ട്രല്‍ കമ്മിറ്റി യോഗത്തില്‍, ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ആത്മാവിനു നിത്യ ശാന്തി നേര്‍ന്നു കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. യോഗത്തില്‍ ഡയറക്ടര്‍ ഫാദര്‍ ഷൈജു തോമസ്, പ്രസിഡന്റ് ഡോ. കെ എസ് മനോജ്, ജനറല്‍ സെകട്ടറി പോള്‍ ഗ്രിഗറി, വൈസ് പ്രസിഡന്റ് രാജു, ജോയിന്റ് സെകട്ടറി ഫ്ളീഷ്യ ജോണി, ട്രഷറര്‍ മാര്‍ഷല്‍ , ജോബി, മാഗി, ജോണ്‍സന്‍ എന്നിവര്‍ പങ്കെടുത്തു.