somu
സോമു

മനാമ: കിടക്കാനിടമില്ലാതെ പാര്‍ക്കില്‍ അന്തിയുറങ്ങിയിരുന്ന മലയാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച സംഭവം ബഹ്റൈനിലെ മലയാളി സമൂഹത്തെയാകെ നടുക്കി. സംഭവം ഞെട്ടലോടെയാണ് കേട്ടതെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ബഹ്റൈന്‍ കേരളീയ സമാജം മുന്‍കൈയെടുത്തു അശരണരെ സഹായിക്കാനായി രംഗത്തിറങ്ങുകയാണെന്നും കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 

തിരുവനന്തപുരം പാലോട് സ്വദേശി സോമു (45) വിനെയാണ് അല്‍ ഹമ്ര തീയേറ്ററിനു സമീപത്തെ പാര്‍ക്കില്‍ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം വേദനാജനകമാണെന്നും താന്‍ അടക്കമുള്ള ബഹ്റൈനിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ ഈ വിഷയം ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും സ്വയം വിമര്‍ശനം നടത്തേണ്ടതുണ്ടെന്നും പി വി രാധാകൃഷ്ണ പിള്ള പ്രതികരിച്ചു.

മാസങ്ങള്‍ക്കു മുമ്പ് ജോലി നഷ്ടപ്പെട്ട സോമുവിന് ഏതാനും സാമൂഹ്യപ്രവര്‍ത്തകര്‍ സഹായം വാഗ്ദാനം ചെയ്തുവെങ്കിലും അതു സ്വീകരിക്കാന്‍ സോമു തയ്യാറായില്ല എന്നും അറിയുന്നു. ജോലി നഷ്ട്ടപെട്ടവരേയും സാമ്പത്തികമായ പ്രയാസങ്ങള്‍ മൂലം താമസ സ്ഥലം നഷ്ടപ്പെടുകയും ചെയ്യുന്നവരെയും താല്‍ക്കാലികമായി പുനരധിവസിപ്പിക്കാന്‍ ഒരു പൊതു സംവിധാനം ഒരുക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്. താമസത്തിനും ആഹാരത്തിനും വകയില്ലാതെ ബഹ്റൈനില്‍ കഷ്ടപ്പെടുന്ന ഇന്ത്യക്കാരെ, വിശേഷിച്ചു മലയാളികളെ കണ്ടുപിടിച്ചു സഹായിക്കാനുള്ള ദൗത്യം നമ്മുക്കൊന്നിച്ചു ഏറ്റെടുക്കാം. അതിനായി ബഹ്റൈന്‍ കേരളീയ സമാജത്തിനൊപ്പം അണിചേരുവാന്‍ മറ്റു സാമൂഹ്യപ്രവര്‍ത്തകരോടും അഭ്യുദയകാംക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു. വൈകുന്നേരങ്ങളില്‍ പൊതുഇടങ്ങളില്‍ അന്തിയുറങ്ങുന്ന ഇന്ത്യക്കാരെ കണ്ടുപിടിക്കാന്‍ സമാജം ചാരിറ്റി വിഭാഗം കണ്‍വീനര്‍ കെ ടി സലീമിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ കഷ്ടപ്പെടുന്ന ആളുകളെപ്പറ്റി വിവരം കിട്ടിയാല്‍ താഴെപ്പറയുന്ന ആളുകളെ  ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കെ ടി സലിം (33750999), ഉണ്ണി (32258697), രാജേഷ് ചേരാവള്ളി (35320667), റെജി കുരുവിള (39449958), ടി ജെ ഗിരീഷ് (39885506), ദേവദാസ് കുന്നത്ത് (39449287), വര്‍ഗീസ് ജോര്‍ജ് (39291940). ഈ ഉദ്യമത്തിന് ബഹ്റൈന്‍ മലയാളികളുടെ സഹകരണം ഉണ്ടാവണമെന്നും സമാജം മാതൃകയില്‍ മറ്റു സാമൂഹ്യ സംഘടനകളും മുന്നോട്ടു വരണമെന്നും പി വി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു.

ഹോട്ടല്‍ ജോലിക്കാരനായി ജീവിതം തള്ളിനീക്കിയിരുന്ന സോമുവിന് കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് ജോലി നഷ്ടമായത്. തുടര്‍ന്ന് ദൈനംദിന ചിലവിനു പോലും പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന ഇദ്ദേഹം അല്‍ ഹംറ തീയേറ്ററിനടുത്തുള്ള പാര്‍ക്കില്‍ രാവും പകലും കഴിച്ചുകൂട്ടുകയായിരുന്നു. ആരെങ്കിലും നല്‍കുന്ന ഭക്ഷണം മാത്രമായിരുന്നു ആശ്രയം. പിന്നീട് വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ ബി കെ എസ് എഫ് ഭാരവാഹികള്‍ വിവരം ഇന്ത്യന്‍ എംബസ്സിയില്‍ അറിയിക്കുകയായിരുന്നു.