മനാമ: ബഹ്‌റൈന്‍ സീറോ മലബാര്‍ സൊസൈറ്റിയുടെ ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന 'കളിമുറ്റം 21' സമ്മര്‍ ക്യാമ്പ് സിനിമാ നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കലാഭവന്‍ ജോഷിയും ആന്‍ഡ്രൂസ് ജോജിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പരീക്ഷയ്ക്ക് ആവശ്യമില്ലാത്തതും ജീവിതത്തില്‍ അത്യാവശ്യമുള്ളതുമായ ചില നല്ല പാഠങ്ങളാണ് കളിമുറ്റം സമ്മര്‍ ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഉദ്ഘാടനവേളയില്‍ കലാഭവന്‍ ജോഷി പറഞ്ഞു. എല്ലാ ദിവസവും കുറച്ചു സമയം ഈ സമ്മര്‍ ക്യാമ്പില്‍ ചിരിക്കുള്ള വകകളുമായി എന്നും താന്‍ ഉണ്ടാവുമെന്ന് കലാഭവന്‍ ജോഷി കുട്ടികള്‍ക്ക് വാക്കുകൊടുത്തു. 

സുന്ദരമായ അവതരണവും വേറിട്ടൊരു ശില്‍പശാലയുമാകും കളിമുറ്റം 21 സമ്മര്‍ ക്യാമ്പെന്ന്, സൊസൈറ്റി പ്രസിഡണ്ട് ചാള്‍സ് ആലുക്ക അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ ഭാരവാഹികളായ സജു സ്റ്റീഫന്‍, പോളി വിതയത്തചന്റ, ജോജി വര്‍ക്കി എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ലിവിന്‍ ജിബി സ്വാഗതവും അഥിത്ത് അലക്‌സ് നന്ദിയും പറഞ്ഞു.