മനാമ: കേന്ദ്ര -കേരള സര്‍ക്കാരുകളുടെ പ്രവാസികളോടുള്ള അവഗണയില്‍ പ്രതിഷേധിച്ച് ഒഐസിസി - ഇന്‍കാസ് നേതാക്കളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ നില്‍പ് സമരം നടത്തി. കോവിഡ് പ്രതിസന്ധി മൂലം നാട്ടില്‍ അകപ്പെട്ടു പോയ പ്രവാസികളുടെ യാത്ര പ്രശ്‌നങ്ങള്‍ അടക്കമുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആയിരുന്നു ഒ .ഐ.സി.സി - ഇന്‍കാസ് ഭാരവാഹികള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നില്‍പ്പ് സമരം നടത്തിയത്.

ഗള്‍ഫ് പ്രവാസികളുടെ യാത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കുക, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ  അപാകതകള്‍ ഇല്ലാതാക്കുക, മടക്കയാത്ര സാധ്യമാകാതെ കുടുങ്ങി കിടക്കുന്ന പ്രവാസികളെ  സഹായിക്കുക, പ്രവാസി സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസി പുന:രധിവാസ പദ്ധതികള്‍ കൂടുതല്‍  കാര്യക്ഷമാകുക, വിദേശത്ത് കോവിഡ് വന്ന് മരണപെട്ട പ്രവാസി കുടുംബങ്ങള്‍ക്ക് സഹായം നല്‍കുക, പ്രവാസി വിദ്യാര്‍ത്ഥി എന്ന പേരില്‍  ഈടാക്കുന്ന ഫീസ് കുറക്കുക, പാവപെട്ട പ്രവാസികളുടെ റേഷന്‍ കാര്‍ഡ് തരം മാറ്റുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

കെ.പിസി സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ജി.സി.സി രാജ്യങ്ങളിലെ ഭാരവാഹികളായ രാജു കല്ലുംപുറം, മഹദേവന്‍ വാഴശ്ശേരിയില്‍, കെ ടി എ മുനീര്‍. ബിജു കല്ലുമല, ചന്ദന്‍ കല്ലട, സിദിഖ് ഹസ്സന്‍, ശങ്കര പിള്ള കുമ്പളത്ത്, എന്‍ ഒ ഉമ്മന്‍, അനില്‍ കണ്ണൂര്‍, സെമീര്‍ നദവി തുടങ്ങിയവര്‍ ആണ്  പങ്കെടുത്തത്. കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചാണ് സമരം നടത്തിയത്.