മനാമ: പ്രതിസന്ധികള്‍ക്കിടെ പവിഴദ്വീപിലെ സഹജീവികളെ ചേര്‍ത്തുപിടിച്ച കാരുണ്യപ്രവര്‍ത്തകര്‍ക്ക് കെഎംസിസി ബഹ്റൈന്റെ ആദരം. ബഹ്റൈനില്‍ കാരുണ്യ-സാംസ്‌കാരിക സംഘടനകള്‍ക്കും നിര്‍ധനരായവര്‍ക്കും സഹായങ്ങളും പിന്തുണയും നല്‍കുന്ന ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന്റെ സ്ട്രാറ്റജിക് പ്ലാനിംഗ് ആന്റ് പ്രോജക്ട്സ് മാനേജ്മെന്റ് തലവന്‍ യൂസുഫ് യാഖൂബ് ലോറി, ബഹ്റൈന്‍ ഹോസ്പിറ്റാലിറ്റി മാനേജര്‍ ആന്റണി പൗലോസ് എന്നിവരെയാണ് കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന്റെ കാരുണ്യ സഹായങ്ങള്‍ ജനങ്ങളിലേക്കും സംഘടനകളിലേക്കുമെത്തിക്കുന്നത് ഇവരുടെ നേതൃത്വത്തിലാണ്. ഒരു വര്‍ഷത്തിലധികമായി തുടരുന്ന കോവിഡ് പ്രതിസന്ധിയില്‍ കെഎംസിസിയടക്കമുള്ള കാരുണ്യ-സാംസ്‌കാരിക സംഘടനകള്‍ക്കാണ് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഭക്ഷ്യക്കിറ്റുകളും സഹായങ്ങളും നല്‍കിയത്. 

പ്രതിസന്ധി കാലത്ത് ജനങ്ങളുടെ പ്രയാസങ്ങളും ദുരിതങ്ങളും മനസിലാക്കി കരുതലേകുന്ന ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന്റെയും അതിന് എല്ലാവിധ പിന്തുണയും സഹായങ്ങളും നല്‍കുന്ന ക്യാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിശാം ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖലീഫയുടെയും കാരുണ്യപ്രവര്‍ത്തികള്‍ മാതൃകയാണെന്ന് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു. വിദേശികളെയും സ്വദേശികളെയും ഒരുപോലെ കണ്ടാണ് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സഹായങ്ങള്‍ എത്തിച്ചുനല്‍കുന്നത്. ഈ സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നതായും നേതാക്കള്‍ പറഞ്ഞു. 

യൂസുഫ് യാഖൂബ് ലോറി, ആന്റണി പൗലോസ് എന്നിവര്‍ക്കുള്ള കെഎംസിസിയുടെ ഉപഹാരം ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ കൈമാറി. ചടങ്ങില്‍ കെഎംസിസി സെക്രട്ടറി എപി ഫൈസല്‍, സിദ്ദീഖ് അദ്‌ലിയ്യ, ബഷീര്‍, മൊയ്ദീന്‍ പേരാമ്പ്ര, ഓ കെ ഫസ്ലു, റഫീഖ് കാസര്‍ഗോഡ്, ഹുസൈന്‍ വയനാട്, ഹുസൈന്‍ മക്യാട്, റാഫി, അന്‍വര്‍, ബഷീര്‍ തിരുനല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.