bahrainമനാമ: കോവിഡ് മഹാമാരി ലോകം മുഴുവന്‍ നാശം വിതയ്ക്കുകയും അതിന്റെ പരിണിത ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും യാതൊരു മുന്‍കരുതലോ, മാനദണ്ഡങ്ങളോ പാലിക്കാതെ നാട്ടില്‍ വിവാഹങ്ങള്‍, ആഘോഷങ്ങള്‍, റാലികള്‍ എന്നിവയ്ക്കു അനുമതി കൊടുക്കുകയും അതുമൂലം രോഗവ്യാപനം കൂടിയപ്പോള്‍ വീണ്ടും പ്രവാസികളെ അവഹേളിക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ ഇറക്കിയതിനെ ആലപ്പുഴ രൂപത പ്രവാസി കമ്മീഷന്‍ ശക്തമായി അപലപിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

എല്ലാ പരിശോധനകളും വിദേശങ്ങളില്‍ നടത്തി രോഗം ഇല്ലെന്ന റിപ്പോര്‍ട്ടുമായി വന്നിറങ്ങുന്ന ഓരോ പ്രവാസിക്കും വീണ്ടും വിമാനത്താവളങ്ങളില്‍ പരിശോധന, വീട്ടില്‍ 7 ദിവസം ക്വാറന്റീന്‍ എല്ലാം ഒരുക്കി കാത്തിരിക്കുന്ന അധികാര വര്‍ഗ്ഗങ്ങളും പൊതു സമൂഹവും പ്രവാസികളോട് കാണിക്കുന്ന അവഗണന തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ട വോട്ടുകള്‍ കിട്ടിക്കഴിഞ്ഞപ്പോള്‍ പ്രവാസികള്‍ക്ക് നേരെ കുതിര കയറുന്ന രീതി അപലപനീയമാണെന്ന് യോഗം വിമര്‍ശിച്ചു. കോവിഡിന്റെ ആരംഭകാലം മുതല്‍ പ്രവാസികളെ അവഹേളിക്കുന്ന പ്രവണതകളെ ഗൗരവമായാണ് പ്രവാസ സമൂഹം കാണുന്നതെന്ന് ആലപ്പുഴ അന്തര്‍ദേശ്ശീയ പ്രവാസി കമ്മീഷന്റെ അടിയന്തര യോഗത്തില്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.