മനാമ: കോവിഡ് കാലത്തെ സേവനം മാനിച്ച് കഴിഞ്ഞ ദിവസം കാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ ഘടകത്തെ ഉപഹാരം നല്‍കി ആദരിച്ചു. ബഹ്‌റൈനില്‍ കൊവിഡ് രൂക്ഷമായ സമയത്ത് വീടുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ച് വിഖായ വളണ്ടിയര്‍ ടീമിനെ ഉപയോഗപ്പെടുത്തി സമസ്ത നടത്തിയ ഭക്ഷ്യകിററ് വിതരണമുള്‍പ്പെടെയുള്ള സേവനപ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചായിരുന്നു ആദരം എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനാ പ്രതിനിധികളും മറ്റു പ്രമുഖരും പങ്കെടുത്ത ചടങ്ങില്‍ കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുല്‍ റഹ്മാന്‍ ആല്‍ ഖലീഫയില്‍നിന്ന് സമസ്ത ബഹ്‌റൈന്‍ ഓര്‍ഗ.സെക്രട്ടറി അഷ്‌റഫ് കാട്ടില്‍ പീടികയാണ് ഉപഹാരം സ്വീകരിച്ചത്. 

സമസ്തക്ക് ഈ ആദരം ലഭിക്കുന്നതില്‍ എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായ വളണ്ടിയേഴ്‌സ്, ബഹ്റൈനിലുടനീളം പ്രവര്‍ത്തിക്കുന്ന സമസ്ത മദ്‌റസകള്‍, ഏരിയാ ഭാരവാഹികള്‍ എന്നിവരുടെ സേവനങ്ങള്‍ സഹായകമായതായും ഈ ആദരവ് എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.