മനാമ: ബഹ്റൈനില്‍ ഈയിടെയായി കോവിഡ് വ്യാപനം വര്‍ധിക്കുന്നതായി കാണുന്നുവെന്നും ഇതിനു പ്രധാന കാരണം പ്രതിരോധ മാര്‍ഗങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള കുടുംബ സംഗമങ്ങള്‍ ആണെന്നും നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ പൊതുജനങ്ങള്‍ക്കുള്ള വിമുഖത ഒഴിവാക്കണമെന്നും ഇതിലൂടെ മാത്രമേ രോഗപ്രതിരോധം നടപ്പിലാക്കാനാവൂ എന്നും ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മനീയ വ്യക്തമാക്കി. 

നിരുത്തരവാദപരമായ നീക്കങ്ങളില്‍നിന്നു ജനങ്ങള്‍ പിന്‍വാങ്ങി തങ്ങളുടെ ഉത്തരവാദിത്തമാണ് രോഗപ്രതിരോധം എന്ന ചിന്തയിലൂടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി ആദ്യം ചെയ്യേണ്ടത് പ്രതിരോധ വാക്സിന്‍ സ്വീകരിക്കുക എന്നുള്ളത് തന്നെയാണ്. കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ സ്വീകരിക്കാനുള്ള സൗകര്യത്തിനായി ഇപ്പോള്‍ സിത്രയിലും സഖീറിലും വാക്സിന്‍ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഏപ്രില്‍ അവസാനമാകുമ്പോഴേക്കും നല്ലൊരു ശതമാനം പേര്‍ക്കും വാക്സിന്‍ ലഭ്യമാക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

നിലവില്‍ ചികിത്സയിലുള്ളവരില്‍ 80 ശതമാനം പേരെയും ബാധിച്ചിരിക്കുന്നത് ജനിതകമാറ്റം വന്ന കൊറോണ വൈറസ് ആണെന്നും വേഗത്തില്‍ പടരുന്ന തരത്തിലുള്ള ഈ വൈറസിനെ നേരിടേണ്ടത് പ്രതിരോധമാര്‍ഗങ്ങള്‍ വഴി മാത്രമേ സാധ്യമാകൂവെന്നും നാഷണല്‍ മെഡിക്കല്‍ ഫോഴ്‌സ് സാരഥി ലെഫ് കെര്‍ണല്‍ മനാഫ് അല്‍ ഖഹ്താനി പറഞ്ഞു. എല്ലാവരും വാക്സിന്‍ സ്വീകരിക്കണം. നിലവിലുള്ള രോഗികളില്‍ 99 ശതമാനം പേരും വാക്സിന്‍ സ്വീകരിക്കാത്തവരാണെന്ന കാര്യം ശ്രദ്ധേയമാണ്. വാക്സിന്‍ എടുത്തവര്‍ക്കു പ്രതിരോധ ശേഷി കൂടുതലായിരിക്കും. അസുഖം ബാധിച്ചാലും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയില്ല. പ്രത്യേകിച്ച് കോവിഡ് വാക്സിനേഷന്‍ എടുത്തുകഴിഞ്ഞാല്‍ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന ഒരു മിഥ്യ ധാരണ പൊതുജനങ്ങള്‍ക്കിടയിലുണ്ട്. അത് ഒരിക്കലും ശരിയല്ല. വാക്സിന്‍ എടുത്ത ശേഷവും സാമൂഹിക അകലം ഉള്‍പ്പെടയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ തുടരേണ്ടതാണ്. 

ഏതാനും ആഴ്ചകളായി കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് തികച്ചും പൊതുജനങ്ങളുടെ നിസ്സഹകരണം മൂലം മാത്രമാണ്. സജീവമായ കേസുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ പുറപ്പെടുവിക്കുന്ന എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വ്യാപനം വര്‍ദ്ധിക്കുന്നതിന്റെ പ്രധാന ഘടകം പൊതുവായ അലംഭാവവും വലിയ കുടുംബസംഗമങ്ങളുമാണ്. ഇത് കേസുകളുടെ വര്‍ദ്ധനവിന് മാത്രമല്ല, തീവ്രപരിചരണത്തിലുള്ള രോഗികളുടെയും മരണങ്ങളുടെയും വര്‍ദ്ധനവിനും കാരണമായി. സുഹൃത്തുക്കളും ബന്ധുക്കളുമായുള്ള  ഇടപെടലുകള്‍ പരിമിതപ്പെടുത്തിക്കൊണ്ടും വലിയ കുടുംബസംഗമങ്ങള്‍ ഒഴിവാക്കുന്നതിലൂടെയും സാമൂഹിക അകലം പാലിക്കുന്ന എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതിന്റെയും പ്രാധാന്യം മനസിലാക്കണം. അപകടസാധ്യത കുറയ്ക്കുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനുമായി നടപടികള്‍ കാലാകാലങ്ങളില്‍ അവലോകനം ചെയ്യപ്പെടുന്നുവെന്നും സമൂഹത്തിലെ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതില്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഏതെങ്കിലും ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ 444 എന്ന ഹോട്ട്ലൈനുമായി ബന്ധപ്പെടേണ്ടതിന്റെ പ്രാധാന്യം ദേശീയ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്സ് അംഗം ഡോ. ജമീല അല്‍ സല്‍മാന്‍ എടുത്തുകാട്ടി. ലക്ഷണങ്ങള്‍ കാലാനുസൃതമായ ജലദോഷം പോലെയാകാം. കൈകള്‍ പതിവായി കഴുകുകയും ശുചീകരിക്കുകയും ചെയ്യുക, ഫെയ്‌സ് മാസ്‌ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക, പ്രതിരോധ കുത്തിവയ്പ്പ് എന്നിവ ഉള്‍പ്പെടുന്ന മുന്‍കരുതല്‍ നടപടികള്‍ പ്രധാനമാണെന്ന് ഡോ. അല്‍ സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. രോഗവ്യാപനം തടയേണ്ടത് സമൂഹത്തിന്റെ കര്‍ത്തവ്യമാണെന്ന ബോധത്തോടെ പ്രവര്‍ത്തിക്കണം. രാജ്യത്തു നിലവില്‍ 9680 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 64 പേരൊഴിച്ചു എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇതുവരെയായി 1,37,555 പേര്‍ രോഗമുക്തി നേടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.