മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെല്‍പ് ഡസ്‌ക്ക് വഴി 55 ബാച്ച് (200 കാര്‍ഡുകള്‍) അപേക്ഷ നല്‍കിയവരുടെ നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുകള്‍ എത്തിച്ചേര്‍ന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

നോര്‍ക്ക തിരുവനന്തപുരം ഓഫീസില്‍ നിന്നും ജഗദീഷ് ശിവന്‍ കൈപ്പറ്റിയ കാര്‍ഡുകള്‍ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ളക്ക് കൈമാറി. വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, നോര്‍ക്ക ഹെല്‍പ് ഡസ്‌ക്ക് കണ്‍വീനര്‍ രാജേഷ് ചേരാവള്ളി, സമാജം മെമ്പര്‍ഷിപ്പ് സെക്രട്ടറി ശരത് നായര്‍, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, ലൈബ്രറി സെക്രട്ടറി വിനുപ്, നോര്‍ക്ക അംഗം സക്കറിയ ടി എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സമാജം നോര്‍ക്ക ഓഫീസില്‍ നിന്നും അറിയിക്കുന്നത് അനുസരിച്ച് അപേക്ഷ നല്‍കിയവര്‍ക്ക് റസീപ്റ്റുമായി നോര്‍ക്ക ഹെല്‍പ് ഡസ്‌ക് ഓഫീസില്‍ വന്ന് കാര്‍ഡുകള്‍ കൈപ്പറ്റാവുന്നതാണ്. നോര്‍ക്കയുടെ ഓഫീസ് വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6 മണി മുതല്‍ 8 30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. നോര്‍ക്ക, ക്ഷേമനിധി കാര്‍ഡുകള്‍ക്ക് അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖകള്‍, പാസ്‌പോര്‍ട്ടിന്റെ മുന്‍പേജ്, അഡ്രസ്സ് പേജ്, വിസാ പേജ്, അപേക്ഷകന്റെ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 35320667 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്