മനാമ: ബഹ്റൈന്‍ കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ ഒരു നാടകം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ബഹറിനിലെ ഒരുകൂട്ടം കലാകാരന്മാര്‍. വിഷ്ണു നാടകഗ്രാമത്തിന്റെ സംവിധാനത്തില്‍ അവതരിപ്പിക്കുന്ന അതോല്‍ ഫുഗാര്‍ഡിന്റെ 'ദി ഐലന്‍ഡ്' എന്ന നാടകത്തിന്റെ സ്‌ക്രിപ്റ്റ് കൈമാറല്‍ ചടങ്ങ് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടന്നു. ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള സ്‌ക്രിപ്റ്റ് കൈമാറല്‍ ചടങ്ങ് നിര്‍വഹിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശരത് നായര്‍, വിനൂപ്, ഫിറോസ് തിരുവത്ര, സ്‌കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ വിനോദ് വി ദേവന്‍ എന്നിവരും നടകവുമായി സഹകരിക്കുന്നവരും സംബന്ധിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങ് നടന്നത്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്തുണ്ടായ ജീവിതസാഹചര്യങ്ങളെയും മാനുഷികമൂല്യങ്ങളെയും ചൂണ്ടിക്കാണിക്കുകയാണ് നാടകം. ഏകാധിപത്യത്തിനും ഫാസിസത്തിനും വര്‍ണ്ണവിവേചനത്തിനും എതിരെ നാടകം പ്രതികരിക്കുന്നു. നീതി നിഷേധിക്കപ്പെട്ട ഓരോ മനുഷ്യന്റെയും പ്രതിഷേധം കൂടിയാണ് നാടകം. 

ശ്രീജിത്ത് ഫാറൂഖ്, പ്രേംജി, ശരത് എസ് പി എന്നിവരാണ് അഭിനേതാക്കള്‍. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഷിബു എസ് കൊട്ടാരം ആണ് നാടകം മലയാളത്തിലേക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ മനോജ് യു സദ്ഗമയ, ആക്ടര്‍സ് കോറിയോഗ്രാഫി ജോജോ വിന്‍സെന്റ്, പ്രൊഡക്ഷന്‍ ഗൈഡ് പ്രസൂണ്‍ വി ടി, ലൈറ്റ് ടോണി പെരുമാനൂര്‍, സെറ്റ് ദിനേശ് മാവൂര്‍, മ്യൂസിക് നിഷ ദിലീഷ്, പ്രോജെക്ഷന്‍ മുഹമ്മദ് മാട്ടൂല്‍, മള്‍ട്ടി മീഡിയ ദിലീഷ് കുമാര്‍, പോസ്റ്റര്‍ ഡിസൈന്‍ അച്ചു അരുണ്‍ രാജ്, പി ആര്‍ ഓ രാജേഷ് ചേരാവള്ളി, ബോണിജോസ്. തീര്‍ത്തും വ്യത്യസ്തമായ അവതരണത്തിലൂടെ ആയിരിക്കും നാടകം പ്രേക്ഷകരിലേക്ക് എത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും നാടകം അവതരിപ്പിക്കുന്നതെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.