മനാമ: ബഹ്റൈനില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സംഘടനകളെ ആദരിക്കുന്നതിന്റെ ഭാഗമായി ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ചടങ്ങില്‍ ബഹ്റൈന്‍ കേരളീയ സമാജത്തിന് ആദരവ്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ക്യാപിറ്റല്‍ ഗവര്‍ണ്ണര്‍ ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ ഖലീഫയില്‍നിന്നു ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള മെമെന്റോ ഏറ്റുവാങ്ങി. കോവിഡ് പകര്‍ച്ചവ്യാധിക്കെതിരെയുള്ള പോരാട്ടത്തില്‍ ബഹ്റൈന്‍ സര്‍ക്കാരിനെ പിന്തുണച്ച എല്ലാ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഷെയ്ഖ് ഹിഷാം നന്ദി രേഖപ്പെടുത്തി. 

കോവിഡ് മഹാമാരി രാജ്യത്തു കണ്ടെത്തിയതുമുതല്‍ സമാജം നിരവധി പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. നാട്ടിലെത്താന്‍ ആഗ്രഹിച്ചവര്‍ക്കു പ്രത്യേകം ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകളും സമാജം ഏര്‍പ്പെടുത്തിയത് നിരവധി പേര്‍ക്ക് അനുഗ്രഹമായി. കൂടാതെ ബഹറൈന്‍ ഭരണാധികാരികളുടെ നേതൃത്വത്തില്‍ രാജ്യത്ത് നടന്ന് വരുന്ന കോവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധ വാക്‌സിന്‍ പരിപാടിയില്‍ മുഴുവന്‍ അംഗങ്ങളുടെയും കുടുംബാഗംങ്ങളുടെയും പിന്തുണ ഉറപ്പു വരുത്തിക്കൊണ്ട് രണ്ടായിരത്തോളം വരുന്ന മെംബര്‍മാര്‍ക്കും കുടുംബങ്ങള്‍ക്കിടയിലും മലയാളി സമൂഹത്തിന്റെ ഇടയിലും വ്യാപകമായി പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടും ബഹറൈന്‍ കേരളീയ സമാജം പ്രവര്‍ത്തിച്ചു. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥമായി സഹകരിച്ച സമാജത്തിലെ എല്ലാ അംഗങ്ങളോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായും രാധാകൃഷ്ണപിള്ള പറഞ്ഞു.