മനാമ: കോവിഡ് പ്രതിരോധ-സേവന രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന കെ.എം.സി.സിക്ക് ബഹ്‌റൈന്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന്റെ കോവിഡ് ഫൈറ്റേഴ്‌സ് ഉപഹാരം ലഭിച്ചു. ബഹ്‌റൈനില്‍ ഒരു വര്‍ഷത്തിലേറെയായി നടത്തിവരുന്ന കോവിഡ് പ്രതിരോധ സേവനങ്ങള്‍ കണക്കിലെടുത്താണ് ക്യാപിറ്റല്‍ ഗവര്‍ണണേറ്റിന്റെ കോവിഡ് ഫൈറ്റേഴ്‌സ് ഉപഹാരം കെ.എം.സി.സിക്ക് ലഭിച്ചത്. ഉപഹാരം ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഖലീഫയില്‍നിന്ന് കെ.എം.സി.സി ബഹ്റൈന്‍ ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ ഏറ്റുവാങ്ങി. 

കോവിഡ് പ്രതിസന്ധികാലത്ത് സ്വദേശത്തും വിദേശത്തും നടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ ഉപഹാരമെന്നും ഇത് കെ.എം.സി.സി ബഹ്‌റൈന് ലഭിക്കുന്ന ഏറ്റവും വലിയ ഉപഹാരാണെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ശംസുദ്ധീന്‍ വെള്ളികുളങ്ങര, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു. ഈ അഭിമാന നിമിഷത്തില്‍ പ്രതിസന്ധികള്‍ക്കിടയിലും കെ.എം.സി.സിയുടെ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സഹായ സഹകരണങ്ങളുമായി എത്തിയ ഏവര്‍ക്കും നന്ദിയര്‍പ്പിക്കുന്നതായും ഈ അംഗീകാരം മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകുന്നതാണെന്നും നേതാക്കള്‍ പറഞ്ഞു.

നിലവില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് 20 ലധികം പദ്ധിതകളാണ് കെ.എം.സി.സി ബഹ്‌റൈന്‍ നടത്തിവരുന്നത്. കോവിഡ് ബോധവല്‍ക്കരണം, 24 മണിക്കൂര്‍ ഹെല്‍പ്പ് ഡെസ്‌ക്ക്, ഭക്ഷ്യക്കിറ്റ് വിതരണം, റമദാന്‍ കിറ്റ് വിതരണം, മെഡിക്കല്‍ ഹെല്‍പ്പ് ലൈന്‍, സൗജന്യ കുടിവെള്ള വിതരണം, ജീവസ്പര്‍ശം രക്തദാനം, എല്‍.എം.ആര്‍.എ ഹെല്‍പ്പ് ഡെസ്‌ക്ക്, വളണ്ടിയര്‍ വിങ്, പെരുന്നാള്‍ കിറ്റ് വിതരണം, കാരുണ്യ യാത്ര (സൗജന്യ ടിക്കറ്റ്), കൗണ്‍സിലിങ് വിങ്, ക്വാറന്റൈന്‍ ഹെല്‍പ്പ് ഡെസ്‌ക്ക്, എംബസി ഹെല്‍പ്പ് ഡെസ്‌ക്ക്, ചാര്‍ട്ടേഡ് വിമാനം തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍. ഇതിനുപുറമെ കെ.എം.സി.സി ബഹ്റൈന്‍ അല്‍-അമാന സാമൂഹ്യ സുരക്ഷാ പദ്ധതി, പലിശരഹിത നിധി, കാരുണ്യസ്പര്‍ശം യാത്രാ സഹായനിധി, പ്രവാസി ബൈത്തുറഹ്മ, ജീവജലം കുടിവെള്ളം, പ്രവാസി പെന്‍ഷന്‍, ഐ.സി.യു ആംബുലന്‍സ്, സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയും കാലങ്ങളായി നടത്തിവരുന്നുണ്ട്.