മനാമ: ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തനരംഗത്തു നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സംഘടനയായ ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറത്തെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ആദരിച്ചു. 

കോവിഡ് മഹാമാരിയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സംഘടനകളെ ആദരിക്കുന്ന പരിപാടിയിലാണ് ബികെഎസ്എഫിന്റെ പ്രവര്‍ത്തനങ്ങളെയും അംഗീകരിച്ചു മെമെന്റോ നല്‍കിയത്. കോവിഡ് മഹാമാരിയില്‍ ബികെഎസ്എഫിന്റെ കമ്മ്യൂണിറ്റി ഹെല്‍പ്പ് ലൈന്‍ ടീം നടത്തിയ വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈന്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് നല്‍കുന്ന പുരസ്‌ക്കാരം ക്യാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുല്‍ റഹിമാന്‍ അല്‍ ഖലീഫയില്‍ നിന്ന് ബികെഎസ്എഫിന്റെ രക്ഷാധികാരി ബഷീര്‍ അമ്പലായി ഏറ്റുവാങ്ങി.

കോവിഡ് മഹാമാരി ബഹ്‌റൈനിലെ സ്വദേശി, വിദേശി ജനവിഭാഗങ്ങളില്‍ വലിയ രീതിയിലുള്ള പ്രയാസങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ചപ്പോള്‍ ബഹ്‌റൈനിലെ പ്രവാസി ജനതക്ക് കൈതാങ്ങ് ആകുവാന്‍ വേണ്ടി രൂപീകരിച്ച കമ്മ്യൂണിറ്റി ഹെല്‍പ്പ് ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷം പിന്നിടുകയാണ്. കോവിഡ് ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ ഭാഗമായി ഫെബ്രുവരി മാസത്തില്‍ തന്നെ നാട്ടില്‍ നിന്ന് സര്‍ജിക്കല്‍ മാസ്‌ക്ക് എത്തിച്ച് ബഹ്‌റൈനിലെ പ്രവാസികള്‍ക്ക് ബികെഎസ്എഫ് വിതരണം ആരംഭിച്ചിരുന്നു. ഒപ്പം മറ്റ് സാന്ത്വന പ്രവര്‍ത്തനങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ ബികെഎസ്എഫ് മുന്നിട്ടിറങ്ങുകയായിരുന്നു. അതിന്റെ ഭാഗമായാണ് ബഹ്‌റൈന്‍ പ്രവാസികള്‍ക്കിടയില്‍ ആദ്യത്തെ കോവിഡ് കമ്യുണിറ്റി ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ബികെഎസ്എഫിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടതെന്നും ബഷീര്‍ അമ്പലായി പറഞ്ഞു.