മനാമ: കാസര്‍കോട് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടി ബഹ്റൈന്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. 

ഭരണത്തുടര്‍ച്ച എന്ന അത്യാഗ്രഹത്താല്‍ സിപിഎമ്മും, കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന ലക്ഷ്യത്തിനു വേണ്ടി ബിജെപിയും പരസ്പരം കൈകോര്‍ക്കുന്നത് മതേതര കേരളത്തിനു അപമാനവും അപകടകരവും ആണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ബഹ്റൈന്‍ കെഎംസിസി ആക്ടിങ് പ്രസിഡണ്ട് ഷംസുദ്ദീന്‍ വെള്ളികുളങ്ങര പറഞ്ഞു. മോദിയുടെ ഫാസിസ്റ്റ് പ്രവണതക്കെതിരെയും അഴിമതി നിറഞ്ഞ പിണറായി ഭരണത്തിനെതിരെയും പ്രവാസികളെ കഷ്ടത്തിലാക്കിയ കേന്ദ്ര, കേരള സര്‍ക്കാറുകള്‍ക്കെതിരെയും ആയിരിക്കണം ഓരോ വോട്ടുമെന്ന് ഷംസുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. 

അദലിയയിലെ മര്‍ഹൂം ചെര്‍ക്കളം ഓഡിറ്റോറിയത്തില്‍ വെച്ച് അഷ്‌റഫ് മഞ്ചേശ്വരത്തിന്റെ അധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷനില്‍ സക്കരിയ ദാരിമി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടി എല്ലാവരും മുന്നിട്ടിറങ്ങണമെന്നും നാട്ടിലുള്ള മുഴുവന്‍ പ്രവാസി കുടുംബത്തിലേക്കും ഫോണ്‍ വിളിച്ചുകൊണ്ട് യുഡിഎഫിനെ വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങുമെന്നും യോഗത്തില്‍ സംസാരിച്ച മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി അലി ബംബ്രാണ, കാസര്‍കോട് മണ്ഡലം സെക്രട്ടറി ഹാരിസ് ഉളിയത്തടുക്ക, ഉദുമ മണ്ഡലം സെക്രട്ടറി ഖലീല്‍ ചെമ്മനാട്, തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി ഫാറൂഖ് ഒലവര എന്നിവര്‍ പറഞ്ഞു. 

ടി.എം. ഉസ്താദ്, സക്കരിയ ദാരിമി, സീനിയര്‍ നേതാവ് ബാവ ഹാജി എന്നിവര്‍ പ്രസംഗിച്ചു. കര്‍ണാടകയില്‍ നിന്നുള്ള ഫാസിസ്റ്റ് ശക്തിയുടെ ധ്രുവീകരണം ആണ് കാസര്‍കോട് ജില്ലയില്‍ നടക്കുന്നതെന്നും എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്നും ഫാസിസ്റ്റ് ശക്തികളുടെ കടന്നുകയറ്റം കാസര്‍ഗോഡ് ജില്ലയില്‍ നിന്നും തുടച്ചു മാറ്റണമെന്നും നേതാക്കന്മാര്‍ ആവശ്യപ്പെട്ടു. അഞ്ച് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പോസ്റ്റര്‍ പ്രകാശനവും നടത്തി. മഞ്ചേശ്വരത്ത് ബിജെപിയും എല്‍ഡിഎഫും തമ്മിലുള്ള രഹസ്യ ധാരണയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയില്‍ നിന്നും രാജിവെച്ചു കൊണ്ട് ഹരിത പാതയിലേക്ക് കടന്നുവന്ന മഞ്ചേശ്വരം മണ്ഡലത്തിലെ ഷിറിയയില്‍ നിന്നുള്ള അബ്ദുല്ല, ഇബ്രാഹിം എന്നിവരെ ഷാളണിയിച്ച് ജില്ലാകമ്മിറ്റി സ്വീകരിച്ചു. യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് പട്‌ള സ്വാഗതവും സെക്രട്ടറി അബ്ദുല്ലാ പുത്തൂര്‍ നന്ദിയും പറഞ്ഞു.