bahrainമനാമ: ആഗോളതലത്തില്‍ തന്നെ കോവിഡ് മഹാമാരി വരുത്തിവെച്ച വിനയുടെ തിക്താനുഭവങ്ങള്‍ പ്രവാസികളെ കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്. പ്രത്യേകിച്ച് കുടുംബസഹിതം ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ തങ്ങളുടെ കുട്ടികളുടെ ഫീസ് അടക്കമുള്ള ചിലവുകള്‍ മൂലം വളരെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ബഹ്റൈനില്‍ സാമൂഹിക സാംസ്‌കാരിക രംഗത്ത് ഇതിനോടകം ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കോട്ടയം പ്രവാസി ഫോറം ഇത്തവണ വ്യത്യസ്തമാര്‍ന്ന സഹായ ഹസ്തവുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. 

കോവിഡ് കാലത്ത് കുട്ടികളുടെ പഠന ചിലവ് എല്ലാ രക്ഷിതാക്കള്‍ക്കും വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഈ അവസരത്തില്‍ കുട്ടികളുടെ പഴയ പുസ്തകങ്ങള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയാണ് മാതൃകയായത്. കോട്ടയം പ്രവാസി ഫോറം ഇതിനോടകം തന്നെ വിവിധ സ്‌കൂളുകളില്‍ 350ല്‍ പരം പുസ്തകങ്ങളുടെ ശേഖരണവും വിതരണവും നടത്തിക്കഴിഞ്ഞതായി പ്രസിഡണ്ട് സോണിസ് ഫിലിപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

പൂര്‍ണമായും കോവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിസ്റ്റോ രാമപുരം, സിബി നെടുംകുന്നം എന്നിവര്‍ നേതൃത്വം നല്‍കി. പുതിയ വര്‍ഷത്തിലേക്കുള്ള പുസ്തകങ്ങള്‍ കിട്ടിയ സന്തോഷത്തിലാണ് കുട്ടികളും രക്ഷിതാക്കളും. ഇതുമായി സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നുവെന്ന് കോട്ടയം പ്രവാസി ഫോറത്തിന്റെ സെക്രട്ടറി സിജു പറഞ്ഞു.