മനാമ : നാടക പ്രവര്‍ത്തകരുടെ അന്താരാഷ്ട്ര ഓണ്‍ലൈന്‍ കൂട്ടായ്മയായ ലോക നാടക വാര്‍ത്തകള്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സ്‌കൂള്‍ യുവജനോത്സവം നാലാം ഘട്ടത്തിന് ഡിസംബര്‍ 4 ന് തിരി തെളിയും. ഒക്ടോബര്‍ പതിനെട്ടിന് റസൂല്‍ പൂക്കുട്ടി ഉദ്ഘാടനം ചെയ്ത യുവജനോത്സവത്തിലെ സര്‍ഗ്ഗോത്സവം, നാട്യോത്സവം, സംഗീതോത്സവം എന്നീ വിഭാഗങ്ങള്‍ ഇതിനോടകം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. ഈ മൂന്ന് മത്സര വിഭാഗങ്ങളിലായി മുപ്പതോളം മത്സര ഇനങ്ങളില്‍ ആയിരത്തോളം കുട്ടികള്‍ പങ്കെടുത്തു.
സര്‍ഗ്ഗോത്സവം, പ്രശസ്ത കവി വീരാന്‍ കുട്ടിയായിരുന്നു ഉദ്ഘാടനം ചെയ്തത്. യുവജനോത്സവത്തില്‍ സംഗീതോത്സവത്തിനും,നൃത്തോത്സവത്തിനും ശേഷം വിപുലമായ ഗ്രാന്റ് ഫിനാലെ ഡിസംബറില്‍ നടക്കുമെന്ന് ബഹ്റൈന്‍ കേരളീയ സമാജം അംഗവും സംഘാടക സമിതി ചെയര്‍മാനുമായ പി. എന്‍. മോഹന്‍ രാജ് അറിയിച്ചു. റിഥം ഹൗസ് പെര്‍ഫോര്‍മിങ്ങ് ആര്‍ട്ട് സ്റ്റുഡിയോ കോഴിക്കോട് ആണ് യുവജനോത്സവത്തിന്റെ മുഖ്യ പ്രായോജകര്‍. ബഹറിന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് വിങ്ങിന്റെ സഹകരണത്തോടെ നടക്കുന്ന യുവജനോത്സവം ജനുവരിയില്‍ അവസാനിക്കും.