മനാമ: ദീര്‍ഘകാലം ബഹ്റൈന്‍ പ്രവാസിയായിരുന്ന പെരുമ്പാവൂര്‍ ഒക്കല്‍ സ്വദേശി പി പി ചാക്കുണ്ണിക്കു സാമൂഹിക പ്രവര്‍ത്തനം പുത്തരിയല്ല. നിര്‍ധനരെ സഹായിച്ചിട്ടുള്ളതാണ് ചാക്കുണ്ണിയുടെ കുടുംബമായ പാറക്കാടന്‍ വീടിന്റെ പാരമ്പര്യമെന്ന് ഒക്കല്‍ പഞ്ചായത്തംഗം മിനി സാജന്‍ സാക്ഷ്യപ്പെടുത്തുന്നു. ചാക്കുണ്ണി സൗജന്യമായി നല്‍കിയ ഒക്കല്‍ പഞ്ചായത്തിലെ സ്ഥലത്താണ് മാതൃക അംഗന്‍വാടി കെട്ടിടത്തിന്റെവും സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെയും ഉദ്ഘാടനം കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശാരദ മോഹന്‍ നിര്‍വഹിച്ചത്. ഒക്കല്‍ ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ചാക്കുണ്ണി സംഭാവന ചെയ്ത പത്തു സെന്റ് സ്ഥലത്തു കഴിഞ്ഞ ജനുവരിയില്‍ ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മാണ ഉദ്ഘാടനം പാര്‍ലമെന്റംഗം ബെന്നി ബെഹനാന്‍ നിര്‍വഹിച്ചിരുന്നു. ഒക്കല്‍ പഞ്ചായത്തിന്റെ വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനുമായി നിരവധി സംഭാവനകളാണ് നല്‍കിയതെന്ന് മിനി സാജന്‍ പറഞ്ഞു. നിര്‍ധനരുടെ വിദ്യാഭ്യാസത്തിനും പണമില്ലാതിരുന്ന രോഗിയുടെ വൃക്ക മാറ്റിവെക്കലിനും മറ്റുമായി ചാക്കുണ്ണി സഹായഹസ്തമേകുന്നുണ്ട്. അന്റോപുരം ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ വലിയൊരു പങ്കു ചാക്കുണ്ണി വഹിച്ചിട്ടുണ്ട്. ഭാര്യ മോളി ചാക്കുണ്ണിയുടെ പിന്തുണയും കൂടിയായപ്പോള്‍ ചാക്കുണ്ണിക്കു മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ഇനിയും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുവാനാണ് താല്പര്യപെടുന്നതെന്നു ചാക്കുണ്ണി പറഞ്ഞു. ബഹ്റൈന്‍ കേരള കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനമടക്കം നിരവധി സംഘടനകളുടെ സാരഥ്യം വഹിച്ചിരുന്ന ചാക്കുണ്ണി ഈയ്യിടെയാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയത്.