മനാമ: കെ.എം.സി.സി ബഹ്റൈന്‍ സ്ഥാപക നേതാവും കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായിരുന്ന സി.കെ മുഹമ്മദിന്റെ വിയോഗത്തില്‍ കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. പ്രവാസത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്ന അദ്ദേഹം ബഹ്റൈനില്‍ കെ.എം.സി.സിക്ക് അടിത്തറ പാകിയ നേതാക്കളില്‍ ഒരാളായിരുന്നുവെന്ന് സംസ്ഥാന കമ്മിറ്റി അനുശോചന കുറിപ്പില്‍ പറഞ്ഞു.
കെ.എം.സി.സിയെ സമൂഹത്തിലും പ്രവാസലോകത്തും സ്വീകര്യമാക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകളേറെയാണ്. ഏവരുമായി അടുത്തബന്ധം സൂക്ഷിച്ചിരുന്ന സികെ മുഹമ്മദ് ആദ്യകാലങ്ങളില്‍ ബഹ്റൈനിലെ പ്രവാസി വിഷയങ്ങളില്‍ ഇടപെടുകയും സേവനരംഗത്ത് കര്‍മനിരതനായി പ്രവര്‍ത്തിക്കുകയും ചെയ്ത നേതാവായിരുന്നു. ഏവര്‍ക്കും പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന്റെ വിയോഗം കെ.എം.സി.സിക്കും പ്രവാസലോകത്തിനും ഏറെ ദു:ഖമേകുന്നതാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രയാസത്തില്‍ പങ്കുചേരുന്നതായും ഏവരും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ആക്ടിങ് ജന. സെക്രട്ടറി ഒ.കെ ഖാസിം, സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി എന്നിവര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.