മനാമ: കഴിഞ്ഞ ദിവസം അമേരിക്കയിലെ മയോ ക്ലിനിക് ഹോസ്പിറ്റലില്‍ മരണമടഞ്ഞ ബഹ്റൈന്‍ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനെസ്സ് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ മൃതദേഹം വ്യാഴാഴ്ച ബഹ്റൈനിലെത്തിച്ചു. പ്രത്യേക വിമാനത്തില്‍ ബഹ്‌റൈനിലെത്തിച്ച മൃതദേഹം വിമാനത്താവളത്തില്‍ ഹമദ് രാജാവ് ഏറ്റുവാങ്ങി. ബഹ്റൈന്‍ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാണ്ടറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും രാജ കുടുംബാംഗങ്ങളും ബഹ്റൈന്‍ ഡിഫെന്‍സ് ഫോഴ്‌സിലെ പ്രധാന ഉദ്യോഗസ്ഥരും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
വെള്ളിയാഴ്ച രാവിലെ മൃതദേഹം ഖബറടക്കും. ക്ഷണിക്കപ്പെട്ട ബന്ധുക്കളടക്കം കുറച്ചു പേര്‍ക്ക് മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കാനാകുക. വിദേശത്തുനിന്നു വരുന്ന വിശിഷ്ടാതിഥികള്‍ക്കും മറ്റും ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാമെന്ന് റോയല്‍ കോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു.