മനാമ: ബഹ്റൈന്‍ എന്നും ഒരു നിക്ഷേപ സൗഹൃദ രാജ്യമാണെന്ന് ബഹ്റൈന്‍ എണ്ണ, വാതക വകുപ്പ് മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ. ഹമദ് രാജാവിന്റെ ഭരണനേതൃത്വം നിക്ഷേപകര്‍ക്ക് എല്ലാവിധ പിന്തുണയും ലഭ്യമാക്കുന്നുണ്ട്. എണ്ണ മേഘലയിലുള്‍പ്പെടെ വ്യത്യസ്ത മേഘലകളിലായി നിരവധി വിദേശരാജ്യങ്ങളാണ് ബഹ്റൈനില്‍ നിക്ഷേപത്തിന് താല്പര്യപെടുന്നതെന്നും മന്ത്രി പറഞ്ഞു. ബഹ്റൈനിലെ കപ്പല്‍ നിര്‍മാണ സ്ഥാപനമായ അറബ് ഷിപ് ബില്‍ഡിങ് ആന്‍ഡ് റിപ്പയര്‍ യാര്‍ഡ് കമ്പനിയും (അസ്റി) എണ്ണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള സ്ഥാപനമായ വുഡ്ലാന്‍ഡ്സ് എനര്‍ജി സര്‍വീസസ് (വുഡ്‌സര്‍വ്) ഗ്രൂപ്പുമായി സംയുക്ത കരാര്‍ ഒപ്പുവെച്ച ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
ബഹ്റൈനിലെ എണ്ണ-വാതക വ്യവസായവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി എണ്ണമന്ത്രിയും അസ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ അസ്റി മാനേജിംഗ് ഡയറക്ടര്‍ മയ്‌സന്‍ മാത്തറും വുഡ്‌സര്‍വ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സാം കാവയുമാണ് കരാര്‍ ഒപ്പിട്ടത്. പാരമ്പര്യേതര വിഭവങ്ങളില്‍ നിന്നുള്ള ഉല്‍പാദനം ത്വരിതപ്പെടുത്തുന്നതിനു ലക്ഷ്യമിട്ടുള്ള ടേണ്‍കീ ഉല്‍പാദന പരിഹാരങ്ങള്‍ കമ്പനി നല്‍കും.
എണ്ണയും വാതകവും വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയയുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ബഹ്റൈനില്‍ പരിഹാരങ്ങളും സേവനങ്ങളും നല്‍കുന്നതിന് സഹായകമാകുന്ന കരാര്‍ ഒപ്പിട്ടതിനെ മന്ത്രി സ്വാഗതം ചെയ്തു. വിഷന്‍ 2030, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും കാഴ്ചപ്പാടിനും സംഭാവനചെയ്യുന്ന നിക്ഷേപങ്ങളെ ആകര്‍ഷിക്കത്തക്ക രീതിയിലാണ് വിഭാവനം ചെയ്യുന്നത്. നാഷണല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് അതോറിറ്റിയും (നോഗ) അതിന്റെ അനുബന്ധ സ്ഥാപനങ്ങളും എണ്ണ-വാതക മേഖലയുടെ വികസനത്തിന് വളരെയധികം ശ്രദ്ധ ചെലുത്തുന്നുവെന്നതില്‍ അഭിമാനമുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. പര്യവേക്ഷണത്തിലും ഉല്‍പാദനത്തിലുമുള്ള ഏറ്റവും പുതിയ ആധുനിക സംവിധാനങ്ങള്‍ ഈ മേഖലയിലെ അന്തര്‍ദ്ദേശീയ വൈദഗ്ധ്യത്തില്‍ നിന്നും പ്രയോജനപ്പെടുത്താനാകും.
സുപ്രധാന എണ്ണമേഖലയിലെ എല്ലാ പ്രത്യേക ഇടങ്ങളിലും രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിലും ഈ കമ്പനികളുടെ ദീര്‍ഘകാല അനുഭവത്തിന്റെ വെളിച്ചത്തിലും യുഎസ് എണ്ണക്കമ്പനികള്‍ വഴി സ്ഥിരമായി വികസിച്ചുകൊണ്ടിരിക്കുന്ന എണ്ണ, വാതക മേഖലയില്‍ ബഹ്റൈനും യുഎസും തമ്മിലുള്ള അടുത്ത സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു. ബഹ്‌റൈനചന്റ അവരുടെ നൂതന ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനുമാവുമെന്നതും ശ്രദ്ധേയമാണ്.
അസ്റിയും വുഡ്‌സര്‍വ് ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭത്തിലൂടെ ബഹ്റൈനില്‍ എണ്ണ, വാതക മേഖല കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുമെന്നും വുഡ്‌സര്‍വ് പരീക്ഷിച്ച യുഎസ് സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, വൈദഗ്ദ്ധ്യം എന്നിവ ബഹ്റൈനില്‍ എത്തിക്കുമെന്നുമാണ് വിലയിരുത്തല്‍. പുതിയ സംയുക്ത സംരംഭം യുഎസ് സാങ്കേതികവിദ്യയും ഒപ്റ്റിമൈസേഷന്‍ പരിഹാരങ്ങളും ബഹ്റൈനില്‍ എത്തിക്കുന്നതിലൂടെ ബഹ്റൈന്‍ പൗരന്മാര്‍ക്ക് പരിശീലനവും തൊഴിലവസരങ്ങളും ലഭിക്കും.
വുഡ്സര്‍വ് സിഇഒ സാം കാവ, ആസ്റിയുടെ മികച്ച കഴിവുകളെയും വൈദഗ്ധ്യത്തെയും പ്രശംസിക്കുകയും കപ്പല്‍ നിര്‍മാണത്തിന്റെയും റിപ്പയറിംഗിന്റെയും പ്രത്യേക മേഖലകളില്‍ ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കുവാനാകുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഡിസൈന്‍, നിര്‍മ്മാണം, പ്രവര്‍ത്തനം, പരിപാലനം എന്നിവയില്‍ വിപുലമായ പരിചയസമ്പന്നരായ എഞ്ചിനീയര്‍മാരുള്ള ആസ്റിയുമായി സഹകരിച്ച് നൂതന പരിഹാരങ്ങള്‍ നല്‍കുകയാണ് വുഡ്‌സര്‍വ് ലക്ഷ്യമിടുന്നതെന്ന് കവ അറിയിച്ചു.
ബഹ്റൈന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടുന്ന എഞ്ചിനീയര്‍മാരെ റിക്രൂട്ട് ചെയ്ത് ഉല്‍പ്പാദനം, എഞ്ചിനീയറിംഗ്, സേവനങ്ങള്‍ എന്നിവയില്‍ നേരിട്ടുള്ള അനുഭവം നേടുന്നതിന് യുഎസില്‍ പരിശീലന അവസരങ്ങള്‍ നല്‍കുമെന്നും ഇത് ഉയര്‍ന്ന ഉല്‍പാദനക്ഷമത കൈവരിക്കുവാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ അന്താരാഷ്ട്ര കമ്പനികള്‍ക്ക് ബഹ്റൈന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായ പിന്തുണ നല്‍കുന്നതിനാലാണ് കമ്പനി ബഹ്റൈനെ തങ്ങളുടെ ആസ്ഥാനമായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ മേഖലകളില്‍ നിരവധി പ്രോജക്ടുകള്‍ സ്ഥാപിക്കുന്നതിനുള്ള ഫലഭൂയിഷ്ഠമായ സ്ഥലമായി ബഹ്റൈന്‍ കണക്കാക്കപ്പെടുന്നു. ഹമദ് രാജാവിന്റെ ഭരണ നേതൃത്വത്തില്‍ വിജയവും അഭിവൃദ്ധിയും നേരുന്നതായും സാം കാവ ആശംസിച്ചു.