മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ആതിഥ്യമരുളുന്ന ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ചാലഞ്ച് 2021 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 23 മുതല്‍ 27 വരെ നടക്കും. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ അംഗീകാരത്തോടെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 25 രാജ്യങ്ങളില്‍നിന്നുള്ള 250 ഓളം താരങ്ങള്‍ പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സമാജത്തില്‍ തയ്യാറാക്കിയ ബഹ്‌റൈനിലെ ഏറ്റവും വലിയ കോര്‍ട്ടിലാണ് മത്സരങ്ങള്‍ അരങ്ങേറുക. 15000 ഡോളര്‍ മൂല്യമുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. കളിക്കാരുടെ പങ്കാളിത്തത്തില്‍ ഇന്ത്യയാണ് മുന്നില്‍. 90 താരങ്ങളാണ് ഇന്ത്യയില്‍നിന്ന് എത്തുന്നത്. ഇന്തോനേഷ്യയാണ് രണ്ടാം സ്ഥാനത്ത്. ബെലാറസ്, മാള്‍ട്ട, ബെല്‍ജിയം, തുര്‍ക്കി, അസര്‍ബൈജാന്‍, അമേരിക്ക, ഓസ്‌ട്രേലിയ, റഷ്യ, ഈജിപ്ത്, സിംഗപ്പൂര്‍, ഹോങ്കോങ്, ശ്രീലങ്ക, മലേഷ്യ, എസ്‌തോണിയ, മാലദ്വീപ്, കാനഡ, സിറിയ, ഇറാഖ്, യു.എ.ഇ, പാകിസ്താന്‍, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള കളിക്കാരും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. റഷ്യയുടെ സെര്‍ജി സിരാന്ത്, ഇന്ത്യയുടെ ആകര്‍ഷി കശ്യപ് എന്നിവരാണ് സിംഗ്ള്‍സ് വിഭാഗത്തില്‍ പങ്കെടുക്കുന്ന ടോപ് സീഡ് താരങ്ങള്‍. പുരുഷ, വനിത സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.