മനാമ: കടലാക്രമണത്തില്‍ കൈത്തങ്ങായ് ആലപ്പുഴ രൂപത പ്രവാസി കമ്മീഷന്‍ എന്ന അന്തര്‍ദേശീയ പ്രവാസി സംഘടനയും. കോവിഡ് മൂലം കേരളജനത നട്ടം തിരിയുമ്പോഴാണ്, ഇടിത്തീ പോലെ ചുഴലിക്കാറ്റ് മൂലമുള്ള കടലാക്രമണം തീരദേശത്തെ പിടിച്ചുലച്ചത്. ചെല്ലാനം, കണ്ടക്കടവ് തുടങ്ങിയ തീരദേശ മേഖലകളില്‍ നിന്ന് ഹൃദയം തകര്‍ക്കുന്ന വിഡിയോകളും ചിത്രങ്ങളും ആണ് കേരള കരയാകെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ടു കൊണ്ടിരിക്കുന്നത്. ഈ പ്രത്യേക അടിയന്തര സാഹചര്യത്തിലാണ് ആലപ്പുഴ അന്തര്‍ദേശീയ പ്രവാസി യൂണിറ്റുകളും തീരവാസികള്‍ക്കു ആശ്വാസം പകരുവാനായി തീരുമാനിച്ചത്. കേന്ദ്ര കമ്മറ്റിയുടെയും പ്രവര്‍ത്തക സമിതിയുടെയും പിന്തുണയോടുകൂടി പ്രവാസികള്‍ ഒരു തുക പിരിച്ചെടുക്കാന്‍ തീരുമാനിക്കുന്നത്. 

കോവിഡ് 19 മൂലം പല കമ്പനികളും കൃത്യമായി ശമ്പളം നല്‍കാത്ത സാഹചര്യം യോഗം വിലയിരുത്തി. കഴിഞ്ഞ കുറെ മാസങ്ങളായി നമ്മുടെ തീരജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമതകളില്‍ സഹായിക്കുവാന്‍, ഏകദേശം രണ്ടു കോടിയോളം രൂപ ആലപ്പുഴ എന്ന ചെറിയ രൂപതയ്ക്ക് മറ്റുള്ളവരുടെ സന്മനസുകൊണ്ടു നല്‍കാന്‍ കഴിഞ്ഞതായി ഡയറക്ടര്‍ ഫാ. ഷൈജു പറയുകയുണ്ടായി. 

അഭിവന്ദ്യ പിതാവിന്റെ ദുരന്ത നിവാരണ ഫണ്ടിലേക്ക് പ്രസ്തുത പ്രദേശത്തെ അര്‍ഹരായവര്‍ക്ക് നല്‍കുന്നതിനായി പിരിച്ചെടുക്കുന്ന തുക അതാതു രാജ്യങ്ങളിലെ ഫിനാന്‍സ് സെക്രട്ടറിമാരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ജൂണ്‍ അഞ്ചിന് പൊതു അക്കൗണ്ടില്‍ നിക്ഷേപിക്കാനും തീരുമാനിച്ചു. മാര്‍ട്ടിന്‍ (യു എ ഇ), കെ പി ജോസഫ് (ഒമാന്‍), ഷാനു ജോണ്‍ (ബഹ്റൈന്‍) എന്നിവരെ ഇതിന്റെ മേല്‍നോട്ടത്തിനായി യോഗം ചുമതലപ്പെടുത്തി .