മനാമ: രാജ്യത്ത് എയ്ഡ്സ് ബാധ മൂലമുള്ള മരണ നിരക്ക് ഉയരുന്നു. എച്ച്‌ഐവി ബാധിതരില്‍ പകുതിയോളം പേര്‍ക്കും തങ്ങള്‍ വൈറസ് വാഹകരാണെന്ന കാര്യം അറിയില്ലെന്നാണു വിവരം.

മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക (മെനാ) രാഷ്ട്രങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ എയ്ഡ്സ് മരണ നിരക്ക് 11,000 ആണ്. 2010നെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വര്‍ധനയാണ് ഇതു കാണിക്കുന്നത്. 

ആഗോള തലത്തിലുള്ള എച്ച്‌ഐവി ബാധിതരുടെ 0.1 ശതമാനം ഈ മേഖലയിലാണെന്ന് മൊറോക്കോയിലെ ഹസ്സന്‍ രണ്ടാമന്‍ സാംക്രമിക രോഗ സര്‍വകലാശാല മേധാവി ഡോ. കമാല്‍ മര്‍ഹോം എല്‍ ഫിലാലി പറഞ്ഞു. ലോകത്തില്‍ എയ്സ് ബാധ വര്‍ധിക്കുന്ന രണ്ടു മേഖലകളില്‍ ഒന്നാണു മെനാ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എച്ച്‌ഐവി വൈറസ്സുകള്‍ സൃഷ്ടിക്കുന്ന എയ്ഡ്സ് രോഗം രോഗികളുടെ പ്രതിരോധ ശേഷിയെ ഇല്ലാതാക്കി മരണത്തിലേക്കു നയിക്കുകയാണു ചെയ്യുന്നത്. 2016 അവസാനത്തോടെ ലോകത്ത് 36.7 ദശലക്ഷം എച്ച്‌ഐവി ബാധിതര്‍ ഉണ്ടായിരുന്നുവെന്നാണു കണക്ക്. മെനാ മേഖലയില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടത് 2,30,000 രോഗബാധിതരായിരുന്നു. 

2001 മുതലാണു മേഖലയില്‍ ഈ രോഗം വ്യാപകമായി പടരാന്‍ തുടങ്ങിയത്. എയ്ഡ്സുമായി ബന്ധപ്പെട്ട മരണ നിരക്ക് ഉയരുന്ന ലോകത്തെ പ്രധാനപ്പെട്ട മേഖലയായി ഇതു മാറുകയും ചെയ്തു. 

ക്ലിനിക്കല്‍ മൈക്രോബയോളജി ആന്റ് ഇന്‍ഫക്ഷ്യസ് ഡിസീസ് ഗള്‍ഫ് കോണ്‍ഗ്രസ് രണ്ടാമത് എഡിഷനി സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്. 
 
ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രി ഫഈഖ അല്‍ സലേഹും സമ്മേളനത്തില്‍ സംബന്ധിച്ചു.

എച്ച് ഐ വി ബാധമൂലം ഉണ്ടായേക്കാവുന്ന സാമൂഹികമായ കളങ്കം മൂലം ചികില്‍സാ സംവിധാനങ്ങള്‍ നിഷ്ഫലമാവുകയാണ്. മേഖലയില്‍ 42 ശതമാനത്തോളം പേര്‍ ഇത്തരം പരിശോധനകള്‍ നടത്താന്‍ തയ്യാറാവാത്തവാരണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.