സുൽത്താൻ ബത്തേരി: ജാതിയുടെയും മതത്തിന്റെയും മതിൽക്കെട്ടുകളില്ലാത്ത, ഒത്തൊരുമയുടെ മറ്റൊരു മാതൃക തീർക്കുകയാണ് ഈ പ്രളയകാലവും. പ്രളയത്തിൽ മുങ്ങിപ്പോയ പ്രസിദ്ധതീർഥാടന കേന്ദ്രമായ പൊൻകുഴിയിലെ ശ്രീരാമക്ഷേത്രം ശുചീകരിക്കാൻ ഞായറാഴ്ച രാവിലെ എത്തിയ യൂത്തുലീഗിന്റെ വൈറ്റ് ഗാർഡുകൾ ദുരന്തപ്പെയ്ത്തിലമർന്ന വയനാടിന്റെ നന്മയുടെ അടയാളങ്ങളായി.

കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് സമീപത്തെ പൊൻകുഴിപ്പുഴയിൽ കരകവിഞ്ഞൊഴുകി ക്ഷേത്രവും പരിസരവും വെള്ളത്തിൽ മുങ്ങിയത്. ശ്രീകോവിലും ഉപക്ഷേത്രങ്ങളും മറ്റു കെട്ടിടങ്ങളുടെയുമെല്ലാം മേൽക്കൂരവരെ മുങ്ങിയിരുന്നു. ഇവിടെ വെള്ളമിറങ്ങിയതോടെ വൈറ്റ് ഗാർഡ് പ്രവർത്തകർ ക്ഷേത്രം ശുചീകരിക്കാൻ സന്നദ്ധതയറിയിച്ച് ക്ഷേത്ര ഭാരവാഹികളെ സമീപിച്ചു.

അനുമതി ലഭിച്ചതോടെ, ഞായറാഴ്ച രാവിലെ ബത്തേരിയിലെയും നൂൽപ്പുഴയിലെയും 30 വൈറ്റ് ഗാർഡുകളാണ് ക്ഷേത്രവും പരിസരവുമെല്ലാം ശുചീകരിക്കാനെത്തിയത്. ചെളിമൂടിക്കിടന്ന ക്ഷേത്രവും പരിസരത്തും പ്രവർത്തകർ വൃത്തിയാക്കി. പുഴയിൽനിന്ന്‌ ഒഴുകിയെത്തിയ മരത്തടികളും മാലിന്യവുമെല്ലാം മണിക്കൂറുകളുടെ ശ്രമഫലമായാണ് നീക്കംചെയ്യാനായത്. ഇതിനുശേഷം കെട്ടിടങ്ങളെല്ലാം കഴുകി വൃത്തിയാക്കി. വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ക്ഷേത്രത്തിന്റെ മതിൽക്കെട്ടും തകർന്നിട്ടുണ്ട്. പൊൻകുഴിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിലെ ഗതാഗതം മൂന്ന് ദിവസമായി നിലച്ചിരുന്നു.

ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ആരംഭിച്ച ശുചീകരണ പ്രവൃത്തികൾ ഉച്ചയോടെയാണ് അവസാനിച്ചത്. ക്ഷേത്രത്തിലെ നിത്യപൂജ തിങ്കളാഴ്ച പുനരാരംഭിക്കും. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി.കെ. ഹാരീഫ്, വൈറ്റ് ഗാർഡ് ജില്ലാ ക്യാപ്റ്റൻ ഹാരീഫ് ബനാന, നിയോജകമണ്ഡലം ക്യാപ്റ്റൻ സി.കെ. മുസ്തഫ, സമദ് കണ്ണിയൻ, അസീസ് വേങ്ങൂർ, നിസാം കല്ലൂർ, റിയാസ് കല്ലുവയൽ, ഇർഷാദ് നായ്ക്കട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്ഷേത്രം ശുചീകരിച്ചത്. വെള്ളംകയറി വഴിയടഞ്ഞ ദേശീയപാതയിലെ തടസ്സങ്ങളും വൈറ്റ് ഗാർഡ് പ്രവർത്തകർ നീക്കംചെയ്തു.

content highlights: youth legue workers cleans ponkuzhi sreerama temple