മലപ്പുറം: ലോക പരിസ്ഥിതിദിനത്തില്‍ ചെറിയമുണ്ടം നരിയറക്കുന്നില്‍നിന്ന് യുവാക്കള്‍ ശേഖരിച്ചത് അലക്ഷ്യമായി വലിച്ചെറിഞ്ഞ 1988 പ്ലാസ്റ്റിക് കുപ്പികള്‍. ശേഖരിക്കുന്ന ഓരോ കുപ്പിക്കും അഞ്ചുരൂപ വീതം പാരിതോഷികം നല്‍കാമെന്ന് നിറമരുതൂര്‍ ഡിവിഷന്‍ ജില്ലാപഞ്ചായത്തംഗം വി.കെ.എം. ഷാഫി യുവാക്കള്‍ക്ക് നല്‍കിയ വാഗ്ദാനവും പാലിച്ചു. 9940 രൂപ ജില്ലാകളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ യുവാക്കള്‍ക്കു കൈമാറി.

പ്രകൃതിയെ സംരക്ഷിക്കുന്നതിനായി മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ യുവാക്കളെയും അവര്‍ക്ക് പ്രോത്സാഹനമായെത്തിയ ജില്ലാപഞ്ചായത്ത് അംഗത്തെയും കളക്ടര്‍ അഭിനന്ദിച്ചു. നരിയറക്കുന്നിന്റെ പരിസരപ്രദേശങ്ങളിലെ ക്ലബ്ബുകളായ ചുടലപ്പുറം മിസ്‌ലാന്‍ഡിന്റെയും കുറുക്കോള്‍ ന്യൂസ്റ്റാറിന്റെയും അംഗങ്ങളാണ് വേറിട്ട പ്രവര്‍ത്തനം ഏറ്റെടുത്തത്.

ജില്ലാ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തി നരിയറക്കുന്നിനെ സംരക്ഷിക്കുന്നതിനും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി വാച്ചിങ് ടവര്‍ സ്ഥാപിക്കുന്നതിനും പദ്ധതികളാവിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് യുവാക്കള്‍ കളക്ടര്‍ക്കു നിവേദനവും നല്‍കി. ജില്ലാപഞ്ചായത്തംഗം വി.കെ.എം. ഷാഫി അധ്യക്ഷതവഹിച്ചു. ഇര്‍ഷാദ് കുറുക്കോള്‍, എ. ഖാജാ മുഈനുദ്ദീന്‍, എം. ഇസ്മായില്‍, സി.കെ. മഹ്‌റൂഫ്, സി.പി. അനസ്, വി. മുനീര്‍, കെ. ആസിഫ് എന്നിവര്‍ പങ്കെടുത്തു.