വെള്ളമുണ്ട(വയനാട്): പെണ്‍കുട്ടികളെപ്പോലെ മുടി വളര്‍ത്തി. ഒടുവില്‍ ഓമനിച്ചു വളര്‍ത്തിയ മുടി അര്‍ബുദ ബാധിതര്‍ക്കായി മുറിച്ചുനല്‍കി. മൊതക്കര മാറഞ്ചേരി യാദവ് കൃഷ്ണയാണ് കോവിഡ് കാലത്ത് വീട്ടിലിരുന്ന് വളര്‍ത്തിയ മുടി രോഗബാധിതര്‍ക്കായി ദാനം ചെയ്തത്. കേശദാനം മഹാദാനം എന്ന ആശയത്തെ ദ്വാരക ടെക്നിക്കല്‍ ഹൈസ്‌കൂള്‍ എട്ടാംതരം വിദ്യാര്‍ഥിയായ യാദവ്കൃഷ്ണ ഏറെ നാളായി പിന്തുടരുകയായിരുന്നു. 

കീമോ തൊറാപ്പിയിലൂടെ മുടി നഷ്ടപ്പെട്ടവര്‍ക്കായി മുടി ദാനം നല്‍കുന്നതിന്റെ നടപടി ക്രമങ്ങള്‍ ഓണ്‍ലൈനില്‍ തിരഞ്ഞു. മാനന്തവാടി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ഡ്രൈവറായ എം.കെ. രൂപേഷ് മകന്റെ ആഗ്രഹങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കി. വെള്ളമുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സന്തോഷ് ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവര്‍ക്കായി നല്‍കി. കേശദാനത്തിനായും രക്തദാനത്തിനായുമുള്ള കൂട്ടായ്മയിലേക്ക് അങ്ങിനെയാണ് എത്തിപ്പെടുന്നത്.

കരുതലോടെ

വൃത്തിയോടും കരുതലോടും മുടി വളര്‍ത്തുകയായിരുന്നു പിന്നെയുള്ള ലക്ഷ്യം. കേശദാനത്തിന് ചുരുങ്ങിയത് 12 ഇഞ്ച് നീളത്തിലെങ്കിലും മുടിവേണം. ഈ കടമ്പ പൂര്‍ത്തിയാക്കുക എന്നതായിരുന്നു യാദവിന്റെ പിന്നെയുള്ള ലക്ഷ്യം. വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ മുടിവളര്‍ന്നു. അളന്നു നോക്കിയപ്പോള്‍ പതിന്നാല് ഇഞ്ചോളമെത്തി. പിന്നെ അച്ഛനെയും കൂട്ടി നേരെ വെള്ളമുണ്ടയിലെ ബാര്‍ബര്‍ ഷോപ്പിലേക്ക്. 

നിര്‍ദേശപ്രകാരം മുടി മുറിച്ച് ബോക്‌സില്‍ കൃത്യതയോടെ പാക്ക് ചെയ്തു. വിവരമറിയച്ചതിനെ തുടര്‍ന്ന് എത്തിയ ബ്‌ളഡ് ഡോണറ്റ് കൂട്ടായ്മയിലെ അംഗം മുഖേന ഹെയര്‍ ബാങ്കിലേക്ക് അങ്ങിനെ മുടിയെത്തി. ഒപ്പം സാര്‍ഥകമായത് ദീര്‍ഘകാലമായി യാദവ് മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹവുമാണ്. മാനന്തവാടി ജെ.എസ്. ഡാന്‍സ് അക്കാദമിയിലെ വിദ്യാര്‍ഥി കൂടിയാണ് യാദവ് കൃഷ്ണ. ചാനല്‍ ഷോകളിലടക്കം ഒട്ടേറെ വേദികളില്‍ യാദവ് ഡാന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. ദ്വാരക ടെക്നിക്കല്‍ ഹൈസ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ഥി യദുകൃഷ്ണ സഹോദരനാണ്. അമ്മ സിന്ധു ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. കേശദാനം മഹാദാനം എന്ന സര്‍ട്ടിഫിക്കറ്റും യാദവ് കൃഷ്ണയെ ഈ കോവിഡ് കാലത്ത് തേടിയെത്തും.

content highlights: yadav krishna donates hair for cancer patients