വിതുര: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് സുഖപ്രസവം. ഞാറനീലി മണ്ണാന്തല ഇരിഞ്ചയം ഷനീസ ഭവനിൽ ഷൈനിന്റെ ഭാര്യ വർഷാമോഹൻ(30) ആണ് ആംബുലൻസിനുള്ളിൽ ആൺകുഞ്ഞിനു ജന്മംനൽകിയത്. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.

പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ വർഷയെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. വിദഗ്ധ ചികിത്സക്കായി ഉടൻതന്നെ എസ്.എ.ടി. ആശുപത്രിയിലേക്കു മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചതോടെ ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. 108 ആംബുലൻസ് പൈലറ്റ് എസ്.എ.അനന്തൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷിജി ജോസ് എന്നിവർ ആശുപത്രിയിൽ എത്തി വർഷയെ ആംബുലൻസിലേക്കു മാറ്റി എസ്.എ.ടി.യിലേക്ക് യാത്ര തിരിച്ചു. ഒരു കിലോമീറ്റർ യാത്രചെയ്ത് ചേന്നൻപാറയിൽ എത്തിയപ്പോഴേക്കും വർഷയുടെ ആരോഗ്യനില വഷളായി. ഷിജി ജോസ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നു മനസ്സിലാക്കി ആംബുലൻസിൽ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു.

ഷിജിയുടെ പരിചരണത്തിൽ പുലർച്ചെ 1.19നാണ് വർഷ കുഞ്ഞിന് ജന്മംനൽകിയത്. പ്രഥമശുശ്രൂഷ നൽകിയ ഉടനെ ആംബുലൻസിൽത്തന്നെ അമ്മയെയും കുഞ്ഞിനെയും വിതുര താലൂക്ക് ആശുപത്രിയിലും ഇവിടെനിന്ന് എസ്.എ.ടി. ആശുപത്രിയിലേക്കും മാറ്റി. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Content Highlights: Woman gives birth to baby in 108-ambulance