പാലക്കാട്: തെരുവിലെ അരക്ഷിത ജീവിതത്തില്‍നിന്ന് ജ്യോതി, 'ശാന്തിനികേതന'ത്തിന്റെ സുരക്ഷിതത്വത്തിലേക്ക്. ലോക്ഡൗണ്‍ കാലത്ത് നേരത്തിന് ഭക്ഷണംലഭിക്കാതെ, മാറ്റിയുടുക്കാന്‍ വസ്ത്രമില്ലാതെ, വെയിലും മഴയുമേറ്റ് റോഡില്‍ കഴിഞ്ഞുകൂടുന്ന മറുനാട്ടുകാരിയെക്കുറിച്ച് 'മാതൃഭൂമി' വാര്‍ത്ത നല്‍കിയിരുന്നു.

നടക്കാന്‍ ബുദ്ധിമുട്ടുള്ള ഇവര്‍ പലപ്പോഴും നിരങ്ങിയാണ് റോഡില്‍ സഞ്ചരിച്ചിരുന്നത്. വാര്‍ത്തകണ്ടിട്ടും കോവിഡ് ഭീതി കാരണം അധികമാരും ജ്യോതിക്ക് അഭയംകൊടുക്കാന്‍ ധൈര്യപ്പെട്ടില്ല. അശരണരായ സ്ത്രീകള്‍ക്ക് അഭയംനല്‍കുന്ന സര്‍ക്കാരിന്റെ മഹിളാമന്ദിരത്തില്‍പ്പോലും ഏറ്റെടുക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ച സാഹചര്യത്തിലാണ് ഭിക്ഷാടനനിര്‍മാര്‍ജന പദ്ധതിയായ മിഷന്‍-2020ന് നേതൃത്വംനല്‍കുന്ന റഹിം ഒലവക്കോടും ശാന്തിനികേതനം വൃദ്ധസദനം നടത്തുന്ന റസിയബാനുവും ജ്യോതിയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയത്.

ജില്ലാ സാമൂഹികനീതി ഓഫീസര്‍ ഷെറീഫ് സൂജ അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ചരാവിലെ റഹിമും വാര്‍ഡ് കൗണ്‍സിലര്‍ ബഷീര്‍പ്പാ, സന്നദ്ധപ്രവര്‍ത്തകരായ ഹക്കിം, അഫ്സല്‍, ബാബു എന്നിവരുംചേര്‍ന്ന് ഒലവക്കോട് റോഡില്‍ക്കിടക്കുന്ന ജ്യോതിക്ക് പുതുവസ്ത്രവും ഭക്ഷണവും നല്‍കി. നോര്‍ത്ത് പോലീസ് ഏര്‍പ്പെടുത്തിയ ആംബുലന്‍സില്‍ ഇവര്‍തന്നെ ജ്യോതിയെ പാലക്കാട് ഗവ. മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ച് കോവിഡ് പരിശോധന നടത്തി.

വൈകീട്ട് നാലിനാണ് റിസള്‍ട്ട് കിട്ടിയത് -നെഗറ്റീവ്. അതുവരെ ജ്യോതിയെ സിവില്‍സ്റ്റേഷന് പിന്നിലുള്ള കുടുംബശ്രീയുടെ 'സ്‌നേഹിത' എന്ന സ്ത്രീകള്‍ക്കുള്ള ഷെല്‍ട്ടര്‍ഹോമിലിരുത്തി. ആറുമണിക്ക് ഇവരെ ചുണ്ണാമ്പുത്തറയിലുള്ള ശാന്തിനികേതനത്തിലെത്തിച്ചു.

content highlights: with the help of rahim and rasiya jyothi gets safe accommodation