കോട്ടയ്ക്കല്‍(മലപ്പുറം): വീട്ടില്‍ ഒരുമിനിറ്റ് വെറുതെയിരിക്കാന്‍ അബ്ദുള്ളയ്ക്ക് പറ്റാറില്ല. അപ്പോഴേക്ക് മൊബൈലില്‍ വിളി വരും. ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കാന്‍, കിടപ്പിലായ രോഗിക്ക് മരുന്നെത്തിക്കാന്‍, അല്ലെങ്കില്‍ വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണം കൊണ്ടുപോകാന്‍...ആവശ്യമെന്തായാലും അബ്ദുള്ള മുഹമ്മദ് അന്‍വര്‍ എന്ന ഈ ഇരുപത്തിനാലുകാരന്‍ ഉടന്‍ അങ്ങോട്ടുപുറപ്പെടും.

ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത അബ്ദുള്ളയ്ക്ക് മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കാര്യത്തില്‍ അതൊരു തടസ്സമേയല്ല. വൈറ്റ് കെയിനിന്റെ സഹായത്തോടെ ഒറ്റയ്ക്കുയാത്രചെയ്ത് അവിടെയെത്തും. കഴിയാവുന്നതെല്ലാം ചെയ്തുകൊടുക്കും.

അങ്ങാടിപ്പുറം തിരൂര്‍ക്കാട് സ്വദേശിയായ അബ്ദുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ മാത്രമൊതുങ്ങുന്നില്ല. കോഴിക്കോട് റെയില്‍വേസ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലുമെല്ലാം പലദിവസങ്ങളിലും അബ്ദുള്ള വിശന്നിരിക്കുന്നവര്‍ക്ക് പൊതിച്ചോറുകളുമായി എത്താറുണ്ട്-സുഹൃത്ത് ഫിറോസ് കണ്ണാടിപ്പറമ്പിലുമുണ്ടാകും ഒപ്പം. പലരില്‍നിന്നും പണം സമാഹരിച്ചാണ് ഇതുചെയ്യുന്നത്.

കരുണയുടെ വിത്തുകള്‍

2015-ല്‍ ചെറുകുളമ്പിലെ മുഹമ്മദലി വഴി ട്രോമാകെയറിലെത്തി. അപകടരക്ഷാസേനയുടെ പരിശീലനം നേടി ചെറിയതോതില്‍ സേവനം തുടങ്ങിയിരുന്നു. ഫാറൂഖ് കോളേജില്‍ ഡിഗ്രിക്കുപഠിക്കുമ്പോഴാണ് കാരുണ്യപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നത്. ഒരു ദുരനുഭവമാണ് കാരണമായത്. നാഷണല്‍ സര്‍വീസ് സ്‌കീമില്‍ ചേരാന്‍ വലിയ ആഗ്രഹമായിരുന്നു. പക്ഷേ, കാഴ്ചയില്ലെന്ന കാരണം പറഞ്ഞ് അവര്‍ ഒഴിവാക്കി. വാശിയായി-തനിക്കും ചിലതൊക്കെ ചെയ്യാന്‍ കഴിയുമെന്ന് സേവനപ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ചു.

ഇപ്പോള്‍ അങ്ങാടിപ്പുറം പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന്റെ മുന്‍നിരയിലുള്ള അബ്ദുള്ള നന്മ കെയര്‍ ഫൗണ്ടേഷന്‍, കെ.എഫ്.ബി.പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്, എസ്.ഐ.ഒ. എന്നിവയിലെല്ലാം അംഗത്വമെടുത്തതും സമൂഹത്തെ സേവിക്കാന്‍തന്നെ.

മിടുക്ക് സകല കലയിലും

ഉത്തര്‍പ്രദേശിലെ അലിഗഢ് കാമ്പസില്‍നിന്ന് ഈയിടെ അറബിക് എം.എ. ഡിസ്റ്റിങ്ഷനോടെ പാസ്സായ അബ്ദുള്ള, രാജ്യത്തിന്റെ പലഭാഗങ്ങളിലും സുഹൃത്തുക്കളുടെ സഹായത്തോടെ സഞ്ചരിച്ചിട്ടുണ്ട്. മനോഹരമായി ബാങ്കുവിളിക്കും. അലിഗഢ് സര്‍ സയ്യിദ് ജുമാമസ്ജിദില്‍ ബാങ്കുവിളിച്ചിട്ടുണ്ട്. സൗണ്ട് സോഫ്റ്റ്വേര്‍ ഉപയോഗിച്ച് ഫെയ്സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവ വായിക്കും. വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തില്‍ പഠിക്കുന്നകാലത്ത് നിസാര്‍ തൊടുപുഴയുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. ഖത്തര്‍ റേഡിയോയുടെ മോണിങ് ഷോയില്‍ അതിഥിയായിരുന്നു. മഞ്ചേരി ആകാശവാണിയിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

എം.എസ്.ഡി. സെവന്‍ ക്രിയേഷന്‍സ് എന്ന യുട്യൂബ് ചാനല്‍ ചില സുഹൃത്തുക്കളുമൊത്ത് തുടങ്ങിയിരുന്നു. പ്രചോദനക്ലാസുകള്‍ക്കും പോകുന്നു. പ്രവാസിയായ തിരൂര്‍ക്കാട് 'ദാറുസ്സലാ'മിലെ മുഹമ്മദ് അന്‍വറിന്റെയും അധ്യാപികയായ വി.പി. സഫിയയുടെയും മകനാണ് അബ്ദുള്ള. സഹോദരങ്ങള്‍: അബ്ദുറഹ്‌മാന്‍(എം.എസ്സി.വിദ്യാര്‍ഥി), അഹ്‌മദ്.

content highlights: visually challenged abdulla extends helping hands to others