vismaya
വിസ്മയ

എകരൂല്‍(കോഴിക്കോട്): അപൂര്‍വ രോഗമായ പേശികളുടെ ബലക്ഷയം കാരണം ശരീരംതളര്‍ന്ന വിസ്മയ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉത്തരക്കടലാസുകളുടെ പുനഃപരിശോധനയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. 

പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ വിസ്മയയ്ക്ക് സ്വയം നടക്കാനോ, ഇരിക്കാനോ എഴുതാന്‍ പോലുമോ ആവില്ല. ഭക്ഷണം കഴിക്കാന്‍ അമ്മ വാരിക്കൊടുക്കണം. ഇത്തവണ എസ്.എസ്.എല്‍.സി. ഫലം വന്നപ്പോള്‍ വിസ്മയയ്ക്ക് ഒന്‍പത് എ പ്ലസ് ലഭിച്ചിരുന്നു. നല്ല തോതില്‍ പരീക്ഷയെഴുതിയതിന്റെ ആത്മവിശ്വാസത്തിലാണ് പുനഃപരിശോധനയ്ക്ക് അപേക്ഷിച്ചത്.

പഠനത്തില്‍ മിടുക്കിയായ വിസ്മയ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ എന്‍.എം.എം.എസ്. പരീക്ഷയില്‍ ജയിച്ച് സ്‌കോളര്‍ഷിപ്പിന് അര്‍ഹയായിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് സ്‌കൂളിലെത്തിയപ്പോള്‍ സ്‌കൂള്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം മന്ത്രിയില്‍നിന്ന് വിസ്മയ ഏറ്റുവാങ്ങിയിരുന്നു.

ക്ലാസില്‍ പ്രത്യേകം തയ്യാറാക്കിയ കസേരയിലിരുന്നാണ് വിസ്മയയുടെ പഠനം. സ്‌കൂള്‍ സമയത്ത് കോമ്പൗണ്ടില്‍ വിസ്മയയെ ചുറ്റിപ്പറ്റി അമ്മയും കാവലുണ്ടാകും. അവള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കെല്ലാം സഹായം കൂടിയേ തീരൂ. കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലെ കോളിക്കല്‍ ആര്യംകുളം പി. ഗിരീഷിന്റെയും കെ.പി.രോഹിണിയുടേയും മകളാണ് വിസ്മയ. 

സ്‌കൂള്‍ തനിക്ക് സ്വന്തം വീട് പോലെയാണെന്നും അധ്യാപകരോടൊപ്പം അച്ഛനും അമ്മയും അനുജന്‍ വൈഷ്ണവും പഠനത്തില്‍ തന്നെ ഏറെ സഹായിക്കാറുണ്ടെന്നും വിസ്മയ പറഞ്ഞു. നിശ്ചയദാര്‍ഢ്യത്തോടെ പഠനത്തില്‍ മുന്നേറാനാണ് വിസ്മയയുടെ തീരുമാനം.

content highlights: vismaya gets full a plus in sslc exam