തിരുവനന്തപുരം: ഹൃദയം തകരുന്ന വേദനയിലും വിനോദിന്റെ അവയവങ്ങൾ ദാനംചെയ്യാൻ സുജാതയ്ക്കും മക്കൾക്കും സമ്മതമായിരുന്നു. കുടുംബനാഥനില്ലാത്ത വീട്ടിലേക്കു മടങ്ങുമ്പോൾ ഏഴുപേർക്കു ജീവിതമേകാൻ കഴിഞ്ഞല്ലോയെന്ന ആത്മസംതൃപ്തിയുണ്ടായിരുന്നു അവർക്ക്. വിനോദിന്റെ കൈകൾ മറ്റൊരാൾക്കായി കൊണ്ടുപോകുന്ന വേളയിൽ ഒരുനോക്കുകാണാൻ മൂവരും എത്തിയിരുന്നു. നിറഞ്ഞ കണ്ണുകളും വിങ്ങുന്ന ഹൃദയവുമായി അവർ ആ കാഴ്ച കണ്ടു. എന്നാൽ, മറ്റ്‌ അവയവങ്ങൾ കൊണ്ടുപോകുന്നതു കാണാനുള്ള ശക്തിയില്ലാതെ അവർ മടങ്ങിയപ്പോൾ ആശുപത്രിയിൽ തടിച്ചുകൂടിയവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച സ്വകാര്യബസ്‌ ഇടിച്ചാണ് ബൈക്ക് യാത്രക്കാരനായ കൊല്ലം കിളികൊല്ലൂർ ചെമ്പ്രാപ്പിള്ള തൊടിയിൽ എസ്.വിനോദി(54)ന് തലയ്ക്കു ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിനോദിന് ചൊവ്വാഴ്ച രാത്രിയോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു.

വിനോദിന്റെ ഭാര്യ സുജാതയ്ക്കും മക്കളായ ഗീതുവിനും നീതുവിനും വേർപാട് ഒരിക്കലും ഉൾക്കൊള്ളാനാവുമായിരുന്നില്ല. എങ്കിലും മൃതസഞ്ജീവനിയിലൂടെ വിനോദിന്റെ അവയവങ്ങൾ മറ്റൊരാളുടെ ജീവിതത്തുടർച്ചയ്ക്കു വഴികാട്ടിയാകുമെന്ന് അവർ ആശ്വസിച്ചു.

മെഡിക്ക ൽ കോളേജ് ട്രാൻസ്‌പ്ളാന്റ് പ്രൊക്യുവർമെന്റ് മാനേജർ ഡോ. അനിൽ സത്യദാസിന്റെയും മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെയും ഇടപെടൽ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു.

തുടർന്ന് മറ്റൊരാളിൽ പ്രയോജനപ്പെടുന്ന അവയവങ്ങളെല്ലാം ദാനംചെയ്യാൻ അവർ സന്നദ്ധരായി. അങ്ങനെ ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൾട്ടി ഓർഗൻ റിട്രീവലിന്(വിവിധ അവയവങ്ങൾ ഒരുമിച്ചു ദാനംചെയ്യൽ) കളമൊരുങ്ങി.

ഹൃദയവും കൈകളും ഉൾപ്പെടെ ഏഴു രോഗികൾക്കാണ് വിനോദിന്റെ അവയവങ്ങൾ ദാനംചെയ്യുന്നത്.

ഹൃദയം ചെന്നൈ എം.ജി.എം. ആശുപത്രിയിലും കൈകൾ എറണാകുളം അമൃതയിലും കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലും ചികിത്സയിലുള്ള രോഗികൾക്കാണ് മാറ്റിവയ്ക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൂറാമത്തെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് നടക്കുന്നതെന്ന പ്രത്യേകതകൂടിയുണ്ട്.

മൃതസഞ്ജീവനി പ്രോജക്ട് മാനേജർ എസ്.ശരണ്യ, കോ-ഓർഡിനേറ്റർമാരായ പി.വി.അനീഷ്, എസ്.എൽ.വിനോദ് കുമാർ എന്നിവർ അവയവവിന്യാസം ഏകോപിപ്പിച്ചു.

വിനോദിന്റെ കരങ്ങൾ ഇനി കർണാടക സ്വദേശിക്ക് തുണ

കൊച്ചി: വിനോദിന്റെ കരങ്ങൾ ഇനി കർണാടക സ്വദേശിയായ യുവാവിന് തുണയാകും. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ഹെലികോപ്റ്റർ മാർഗമെത്തിച്ച കൈകൾ കർണാടക സ്വദേശിയായ യുവാവിന് തുന്നിച്ചേർക്കുന്നതിനുള്ള ശസ്ത്രക്രിയ കൊച്ചി അമൃത ആശുപത്രിയിൽ ആരംഭിച്ചു.

അമൃത ആശുപത്രിയിൽനിന്നുള്ള ഡോക്ടർമാരുടെ സംഘം ബുധനാഴ്ച പുലർച്ചെ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി. ശസ്ത്രക്രിയയും മറ്റും പൂർത്തിയാക്കി വൈകീട്ട് 3.45 - ഓടെ ഡോക്ടർമാരുടെ സംഘം തിരുവനന്തപുരം എയർപോർട്ടിലെത്തി. 4.05-ന് കൈകളുമായി ഹെലികോപ്റ്റർ കൊച്ചിയിലേക്ക് പറന്നു. അഞ്ച് മണിക്ക് ഇടപ്പള്ളിയിലെ സ്വകാര്യ ഹെലിപാഡിലിറങ്ങി.

തുടർന്ന് ഡോക്ടർമാർ കൈകളുമായി ആംബുലൻസിൽ അമൃത ആശുപത്രിയിലേക്ക് തിരിച്ചു. റോഡിലെ തിരക്കൊഴിവാക്കാൻ പോലീസ് സഹായിച്ചു.

സെന്റർ ഫോർ പ്ലാസ്റ്റിക് ആൻഡ്‌ റീ കൺസ്ട്രക്ടീവ് സർജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. പ്രൊഫസർ ഡോ. മോഹിത് ശർമ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. അതി സങ്കീർണമായ ശസ്ത്രക്രിയ മണിക്കൂറുകൾ നീളുമെന്ന് ഡോക്ടർമാർ പറഞ്ഞു.

Content highlights: vinod's organs donated to 7 people