നുവരി മധ്യത്തിലെ അതിശൈത്യത്തില്‍ ഫ്ലോറിഡയിലെ നദീതീരത്ത് ഉപേക്ഷിക്കപ്പെട്ട ഒരു നായക്കുട്ടി. അതിന് ആദ്യം രക്ഷകരായത് രണ്ടു പോലീസുകാരാണ്. അവര്‍ അതിനെ സമീപത്തെ മൃഗസംരക്ഷണ കേന്ദ്രത്തിലെത്തിക്കുകയും ചെയ്തു. തീര്‍ന്നില്ല, മൃഗസംരക്ഷക കേന്ദ്രത്തില്‍നിന്ന് അവളെ ഏറ്റെടുക്കാനും ഒരാളെത്തി. അങ്ങനെ അനാഥത്വത്തിന്റെ തണുപ്പില്‍നിന്ന് സംരക്ഷണത്തിന്റെ ചൂടിലേക്ക് എത്തിയിരിക്കുകയാണ് ആ നായക്കുട്ടി. ഹൃദയത്തെ തൊടുന്ന ഈ സംഭവം നടന്നത് അമേരിക്കയിലാണ്.

അതിശൈത്യം ബാധിച്ച ഫ്ലോറിഡയിലെ ഹാലിഫാക്‌സ് നദീതീരത്തുനിന്നാണ് തണുത്തുവിറയ്ക്കുന്ന ഒരു നായ്ക്കുട്ടിയെ ഡെയ്‌ടോണ ബീച്ച് പോലീസ് ഡിപാര്‍ട്മന്റിലെ അനിമല്‍ കണ്‍ട്രോള്‍ ഓഫീസര്‍മാരായ  ജോണ്‍ പിയേഴ്‌സണും ജെയിംസ് ലീയും കണ്ടെത്തിയത്. അജ്ഞാതനായ ഒരാളുടെ ഫോണ്‍ കോളിലൂടെയാണ് കാര്യം അവര്‍ അറിഞ്ഞത്.

അങ്ങനെ സീബ്രീസ് പാലത്തിന്റെ പരിസരത്തുനിന്ന് ഒന്നോ രണ്ടോ ആഴ്ച മാത്രം പ്രായമുള്ള പിറ്റ്ബുള്‍ ഇനത്തില്‍ പെട്ട നായക്കുട്ടിയെ അവര്‍ ഇരുവരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. എങ്ങനെയാണ് ആ നായക്കുട്ടി അവിടെ എത്തിയതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്തായാലും തണുത്തു വിറയ്ക്കുന്ന നായക്കുട്ടിയെ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ നെഞ്ചോടു ചേര്‍ത്തു. ചൂട് നല്‍കി. മറ്റേ ഉദ്യോഗസ്ഥന്‍ അത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

video courtesy: Facebook/ Daytona Beach Police Department

നായക്കുട്ടിയുടെ ഇരു മുന്‍കാലുകളും തണുപ്പിന്റെ ആധിക്യത്താല്‍ വിറയ്ക്കുന്നത് വീഡിയോയില്‍ കാണാം. റിവര്‍ എന്നാണ് ആ നായക്കുട്ടിക്ക് അവര്‍ പേരു നല്‍കിയത്. തുടര്‍ന്ന് ഡെയ്‌ടോണ പോലീസ് ഡിപാര്‍ട്‌മെന്റ് റിവറിനെ കണ്ടെത്തിയതിന്റെയും അതിശൈത്യത്തില്‍ റിവര്‍ വിറയ്ക്കുന്നതിന്റെയും ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റും ചെയ്തു. തുടര്‍ന്ന് നായക്കുട്ടിയെ ഹാലിഫാക്‌സ് ഹുമെനെ സൊസൈറ്റി ഷെല്‍റ്ററില്‍ ഏല്‍പ്പിക്കുകയും ചെയ്തു. 

ഇവിടെനിന്നാണ് റിവറിന് ഒരു സംരക്ഷകയെ കിട്ടുന്നത്. അവരാണ് ഹാലിഫാക്‌സ് ഹുമെനെ സെസൈറ്റി ഷെല്‍റ്ററില്‍നിന്ന് റിവറിനെ ദത്തെടുത്തത്. കെര കാന്‍ട്രല്‍ എന്നാണ് മൃഗസംരക്ഷണ കേന്ദ്രത്തില്‍നിന്ന് റിവറിനെ ദത്തെടുത്ത വ്യക്തിയുടെ പേര്. പട്രോളിങ് ഓഫീസറായ കെര ഉച്ചഭക്ഷണത്തിന്റെ ഇടവേളകളില്‍ ഹാലിഫ്ക്‌സ് ഷെല്‍റ്റര്‍ സെന്ററില്‍ പോകാറുണ്ടായിരുന്നു. അവിടെയുള്ള നായകള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കാറുമുണ്ടായിരുന്നു.

അങ്ങനെ ഒരു ദിവസം രണ്ട് പോലീസുകാര്‍ തണുപ്പില്‍നിന്ന് രക്ഷപ്പെടുത്തിയ നായക്കുട്ടി അവിടെയുണ്ടെന്ന് കെര അറിഞ്ഞു. ആ നായക്കുട്ടിയെ കാണാന്‍ കെരയ്ക്ക് ആഗ്രഹവും തോന്നി. കൂട്ടില്‍നിന്ന് പുറത്തെടുത്ത് കെര റിവറിനെ നെഞ്ചോട് ചേര്‍ത്തു. കഴുത്തിനടിയിലേക്ക് നൂണ്ടുകയറി അവള്‍ അവിടെക്കിടന്ന് ഉറങ്ങി- കെര പറയുന്നു.

വീട്ടില്‍ വേറെ മൂന്ന് നായകള്‍ ഉണ്ടായിട്ടും സൗകര്യങ്ങളുടെ അഭാവത്തിലും റിവറിനെ തന്റെ ഒപ്പം കൊണ്ടുപോകാന്‍ തന്നെ കെര തീരുമാനിച്ചു. അങ്ങനെ രണ്ടാഴ്ച മുമ്പ് കെര നായക്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഇനി മറ്റൊരു കാര്യം കൂടി. ഡെയ്‌ടോണ്‍ ബീച്ച് പോലീസ് ഉദ്യോഗസ്ഥരായ ജോണും ജെയിംസും നായക്കുട്ടിയെ രക്ഷപ്പെടുത്തിയ വീഡിയോ ഫെയ്‌സ്ബുക്കില്‍ ആദ്യം കണ്ട ആളുകളില്‍ ഒരാളായിരുന്നുവത്രെ കെര. ജോണും ജെയിംസും ചേര്‍ന്ന് നായക്കുട്ടിയെ രക്ഷിക്കുന്നതിന്റെയും അവളെ നെഞ്ചോട് ചേര്‍ത്ത് ചൂടു നല്‍കുന്നതിന്റെയും വീഡിയോ ഫെബ്രുവരി എട്ടിനാണ് ഡെയ്‌ടോണ ബീച്ച് പോലീസ് ഡിപാര്‍ട്‌മെന്റ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യന്നത്. ഇതിനോടകം വൈറലായ വീഡിയോ കണ്ടിരിക്കുന്നത് 154000 ആളുകളാണ്. 2772 ല്‍ അധികം ആളുകള്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

content highlights:video of shivering abandoned puppy found in florida