വേണുഗോപാലന്‍
വേണുഗോപാലന്‍

കോഴിക്കോട്: 'പുകവലിക്കുന്ന പണമുണ്ടേല്‍ കാറു വാങ്ങാം, എന്നിട്ട് പുക വലിക്കാത്തവരൊക്കെ കാറുമായി നടക്കുകയാണല്ലോ' എന്ന ട്രോളുകളുകള്‍ക്കുള്ള മറുപടിയാണ് ഇരിങ്ങാടന്പള്ളി സ്വദേശി വേണുഗോപാലന്‍. പുകവലിക്കാത്ത പണംകൊണ്ട് കാറുവാങ്ങിയില്ലെങ്കിലും ഏഴര വര്‍ഷംകൊണ്ട് 2.5 ലക്ഷം രൂപയാണ് വേണുഗോപാലന്‍ സമ്പാദിച്ചത്. ഓരോ ദിവസവും പുകവലിക്കാനായി ചെലവഴിക്കുന്ന പണം ബാങ്കിലിട്ടാണ് ഇതു സമ്പാദിച്ചത്.

മുക്കാല്‍ പൈസയ്ക്ക് ബീഡികിട്ടുന്ന കാലത്ത് വലിതുടങ്ങിയതാണ് വേണുഗോപാലന്‍. സ്‌കൂളിലേക്കെന്നും പറഞ്ഞ് വീട്ടില്‍നിന്നുമിറങ്ങും. അടുത്ത പറമ്പില്‍നിന്നും മറ്റും പെറുക്കിയെടുക്കുന്ന അടക്കവിറ്റു കാശുണ്ടാകും. പിന്നെ നേരെ ബീഡിക്കടയിലേക്കാണ്. അന്നു പ്രായം 13 വയസ്സ്. അതങ്ങനെ 55 വര്‍ഷം നീണ്ടു. എന്നാല്‍, അപ്രതീക്ഷിതമായിവന്ന ആശുപത്രിവാസം വേണുഗോപാലനെ മാറ്റിച്ചിന്തിപ്പിച്ചു. പുകവലി നിര്‍ത്തിയെന്നു മാത്രമല്ല ആ പണം സമ്പാദിക്കാനും തുടങ്ങുകയായിരുന്നു സാധാരണക്കാരനായ വേണുഗോപാലന്‍.

സിഗരറ്റിന്റെ പൈസ ബാങ്കിലേക്ക്

ഏഴു വര്‍ഷങ്ങള്‍ക്കുമുമ്പാണ് വേണുഗോപാലന് അപ്രതീക്ഷിതമായി തലകറക്കം വന്നത്. പിന്നെ ആശുപത്രി നാളുകളായിരുന്നു. ഡിസ്ചാര്‍ജ് ചെയ്യുന്നതിനുമുമ്പ് ഡോക്ടര്‍ ഒന്നേ പറഞ്ഞുള്ളൂ: ''ഇനിയും വലി തുടരുകയാണെങ്കില്‍ ഇങ്ങോട്ട് വരണമെന്നില്ല''. അതുവരെ ആരു പറഞ്ഞിട്ടും അതൊന്നും കൂസാക്കാതെ നടന്നിരുന്ന വേണുഗോപാലന് പക്ഷേ, ഡോക്ടറുടെ സംസാരം പുനര്‍വിചിന്തനത്തിന് വഴിയൊരുക്കി. ആരുടെയും സഹായമില്ലാതെതന്നെ വേണുഗോപാലന്‍ പുകവലി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം രണ്ടു പാക്കറ്റ് സിഗരറ്റാണ് വേണുഗോപാലന്‍ വലിച്ചിരുന്നത്. ആദ്യത്തെ ഒരാഴ്ച വളരെ പ്രയാസപ്പെട്ടിരുന്നു. എന്നാലും വലിക്കാതെ പിടിച്ചുനിന്നു -വേണുഗോപാലന്‍ പറഞ്ഞു.

45 രൂപയായിരുന്നു ഒരു പാക്കറ്റ് സിഗരറ്റിന്. ദിവസവും രണ്ടു പാക്കറ്റ് എന്നനിലയ്ക്ക് 90 രൂപ ചെലവാക്കും. ഈ പൈസ എല്ലാ ദിവസവും കൃത്യമായി മാറ്റിവെക്കുകയും മാസാവസാനം ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്യും. കോവൂര്‍ ഗ്രാമീണ്‍ബാങ്കിലെ മാനേജര്‍ ഇതിന് പ്രചോദനം നല്‍കുകയും ചെയ്തതോടെ ഈ ശീലം ഏഴരവര്‍ഷം നീണ്ടു. വീടുപണിയുമായി ബന്ധപ്പെട്ട് പണത്തിനായി ബാങ്കിലെത്തിയപ്പോള്‍ ബാങ്ക് അധികൃതര്‍ പറഞ്ഞുതന്നെയാണ് ഇത്രയും പണമായത് വേണുഗോപാലന്‍ അറിഞ്ഞതും.

content highlights: venugopalan stopped smocking and saved 2.5 lakh rupees