ആലപ്പുഴ: ഒരുമരം വെട്ടിയാല്‍, രണ്ടുതൈ വെച്ചുപിടിപ്പിക്കും. അതാണ് ഇവരുടെനയം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിമാറ്റുമ്പോള്‍ എന്തുകൊണ്ട് പകരം മറ്റൊരുതൈ വെച്ചുപിടിപ്പിച്ചുകൂടാ എന്നാണ് ഉള്ളാട ട്രഡീഷണല്‍ വുഡ് ക്രാഫ്റ്റ് സൊസൈറ്റി (യു.ടി.ഡബ്ല്യൂ.സി.) അംഗങ്ങള്‍ ചോദിക്കുന്നത്. വെറുംചോദ്യമല്ല തൈ നട്ട് വെള്ളിയാഴ്ച അവരതു പ്രാവര്‍ത്തികമാക്കുകയും ചെയ്തു.

അപകടസാധ്യതയുള്ള മരങ്ങളും ആവശ്യപ്പെടുന്ന മറ്റുമരങ്ങളും ഇവര്‍ വെട്ടും. പക്ഷേ, പകരം രണ്ടെണ്ണം നട്ടിരിക്കും. ആദിവാസിമേഖലയിലെ മരംവെട്ടുതൊഴിലാളികള്‍ക്ക് മികച്ച തൊഴിലവസരം നല്‍കുന്നതിനാണ് പി.കെ. കാളന്‍ പദ്ധതിയിലൂടെ ഉള്ളാട ട്രഡീഷണല്‍ വുഡ് ക്രാഫ്റ്റ് സൊസൈറ്റിക്ക് രൂപം നല്‍കിയത്.

ആലപ്പുഴജില്ലയിലെ പട്ടികവര്‍ഗ കുടുംബങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിയാണ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു മുന്‍കൈയെടുത്ത് പി.കെ. കാളന്‍ പദ്ധതി മികച്ചതാക്കിയത്.

72 പേര്‍ അംഗങ്ങള്‍

മാരാരിക്കുളം പഞ്ചായത്തില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. 72 അംഗങ്ങളാണുള്ളത്. പരമ്പരാഗത ആയുധങ്ങള്‍ക്കുപുറമേ അത്യാധുനിക ആയുധങ്ങളും ഇവര്‍ക്ക് കുടുംബശ്രീമുഖേന വാങ്ങിനല്‍കിയതായി ജില്ലാ പ്രോഗ്രാം മാനേജര്‍ മോള്‍ജി ഖാലിദ് പറഞ്ഞു.

രണ്ടുലക്ഷത്തിലധികം രൂപയുടെ ആയുധങ്ങള്‍ നല്‍കിയിട്ടുണ്ട്. മഴക്കാലമാകുമ്പോള്‍ മറ്റുതൊഴിലുകളെ ആശ്രയിക്കുന്ന ഇവര്‍ക്ക് മികച്ച വരുമാനമാര്‍ഗം ഇതിലൂടെ ഉറപ്പാക്കുന്നു. മരത്തടികൊണ്ടുള്ള ശില്‍പങ്ങള്‍ നിര്‍മിച്ചുവില്‍ക്കുക, പണിയായുധങ്ങള്‍ വാടകയ്ക്കുനല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയും വരുമാനം ഉറപ്പാക്കുന്നു.

content highlights: ullada traditional wood craft society members plant two trees when one is cut