തൃശ്ശൂര്‍: ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരുന്നപ്പോഴും തൃശ്ശൂരില്‍ തെരുവോരത്ത് കഴിയുന്നവര്‍ വേവലാതിപ്പെട്ടില്ല. ബൈക്കില്‍ പൊതിച്ചോറും വസ്ത്രവുമൊക്കെയായി എത്തുന്ന പതിവ് ടോണിയും തെറ്റിച്ചില്ല.
വെല്‍ഡിങ് തൊഴില്‍ചെയ്ത് നാലംഗകുടുംബം പോറ്റിയശേഷം മിച്ചം പിടിക്കുന്ന തുകകൊണ്ടാണ് ഈ സേവനമെന്ന് ടോണി പറയാറില്ല. എന്നാല്‍, പൊതിച്ചോറ് വാങ്ങിക്കഴിക്കുന്നവരുടെ സുഖവിവരങ്ങള്‍ തിരക്കും. ആവശ്യങ്ങള്‍ മനസ്സിലാക്കും. അടുത്ത ഞായറാഴ്ച അത് പരിഹരിക്കും.
വടൂക്കര വാഴപ്പിള്ളി വീട്ടില്‍ ടോണി ആന്റണിയുടെ ജീവിതചര്യ കോവിഡ്കാലത്തിനുമുമ്പ് ഇങ്ങനെയായിരുന്നു-തൊഴിലിനായി ആഴ്ചയില്‍ ആറുനാള്‍. അനാഥര്‍ക്കായി ഞായറാഴ്ചകള്‍. ലോക്ഡൗണില്‍ മാസങ്ങളോളം തൊഴിലില്ലാതായെങ്കിലും ഞായറാഴ്ചകളിലെ സേവനം മുടക്കിയില്ല.
ആട്ടിറച്ചിയും കോഴിയിറച്ചിയും ഉള്‍പ്പെടെയുള്ളതാണ് പൊതിച്ചോറ്. പുതിയ കാവിമുണ്ടുകളും പുതപ്പും തോര്‍ത്തുകളുമുണ്ടാകും. വഴിയോരത്ത് കഴിയുന്നവരെ പഴയവസ്ത്രങ്ങള്‍ മാറ്റി കുളിപ്പിക്കും.
മുടിയും താടിയും വെട്ടിക്കൊടുക്കും.പത്താം ക്ലാസും വെല്‍ഡിങ്ങില്‍ ഐ.ടി.െഎ. പഠനവും കഴിഞ്ഞ് മുംബൈയിലേക്ക് ചേക്കേറിയതാണ് ടോണി. ആറുവര്‍ഷം കഴിഞ്ഞ് നാട്ടിലെ സ്വത്ത് ഭാഗം വെച്ചപ്പോഴാണ് മടങ്ങിയെത്തിയത്. അനാഥര്‍ക്ക് അന്നം നല്‍കിയിരുന്ന അയല്‍ക്കാര്‍, സാമ്പത്തികമായി തകര്‍ന്ന് സേവനം നിര്‍ത്താനൊരുങ്ങിയപ്പോള്‍ ടോണി ഏറ്റെടുക്കുകയായിരുന്നു.
എട്ടുവര്‍ഷമായി മുടങ്ങാതെ ഞായറാഴ്ചകളില്‍ സേവനം നടത്തുന്നു. ദിവസം 120 പേര്‍ക്ക് അന്നം നല്‍കുന്നുണ്ട്. എല്ലാം സ്വന്തം ചെലവിലല്ല. മറ്റുള്ളവരില്‍നിന്നും പൊതിച്ചോറും വസ്ത്രവുമെല്ലാം സ്വീകരിക്കും.
11 മണിയോടെ അയ്യന്തോളില്‍നിന്നാണ് തുടക്കം. എല്ലാം കഴിയുമ്പോള്‍ വൈകീട്ടാകും. പിന്നെ അനാഥരായി കണ്ടെത്തിയവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ ബന്ധുക്കളെ തേടിയിറങ്ങും. യാത്ര ഗുണംകാണാറുണ്ട്. നിരാശയോടെ മടങ്ങേണ്ടിയും വരാറുണ്ട്. എം.ബി.എ. ബിരുദധാരി ഹിമയാണ് ഭാര്യ. വിദ്യാര്‍ഥികളായ ലിയോ, ലോയ്ഡ് എന്നിവര്‍ മക്കളും.
content highlights: thrissur native tony and his charity works