ഉപ്പുതറ (ഇടുക്കി): സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ കളഞ്ഞുകിട്ടിയ അരലക്ഷംരൂപ വിദ്യാര്‍ഥികള്‍ ഉടമയ്ക്ക് തിരിച്ചുനല്‍കി. മേരികുളം സെന്റ് മേരീസ് യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികളായ ജോസ്ന ഗ്രേസ് ജിജി, പി.എസ്. ശ്രീലക്ഷ്മി, സഹോദരി ശ്രീക്കുട്ടി എന്നിവരാണ് എല്ലാവര്‍ക്കും മാതൃകയായത്.

കഴിഞ്ഞദിവസം മാട്ടുക്കട്ടയ്ക്കുസമീപം റോഡില്‍നിന്നാണ് പണം കിട്ടിയത്. പണം നഷ്ടമായ ആളെ തിരിച്ചറിയാനുള്ള തെളിവുകളൊന്നും അതില്‍ ഉണ്ടായിരുന്നില്ല. സമീപത്തുണ്ടായിരുന്ന പരിചയക്കാരനോട് കുട്ടികള്‍ വിവരം പറഞ്ഞു. നാലുപേരും കൂടിയാലോചിച്ച ശേഷം സമീപത്തെ മെഡിക്കല്‍ സ്റ്റോറില്‍ പണം ഏല്‍പ്പിച്ചു. 

കട ഉടമ നടത്തിയ അന്വേഷണത്തില്‍ പഞ്ചായത്തിലെ ജനപ്രതിനിധിയുടേതാണ് പണമെന്ന് കണ്ടെത്തി. തുക കൈമാറി. വിദ്യാര്‍ഥികളെ വെള്ളിയാഴ്ച സ്‌കൂളില്‍ ചേരുന്ന യോഗത്തില്‍ അനുമോദിക്കും.

content highlights: three students returns lost money to owner in idukki upputhara