തൃപ്രയാര്‍: നിര്‍ധന കുടുംബത്തില്‍നിന്ന് മോഷ്ടാവ് ഒറ്റയടിക്ക് കവര്‍ന്നത് മൂന്ന് മൊബൈല്‍ ഫോണുകള്‍. അതില്‍ രണ്ടെണ്ണം പെണ്‍മക്കളുടെ ഓണ്‍ലൈന്‍ പഠനോപാധിയും. മോഷണംപോയ ഫോണുകള്‍ക്ക് പകരം ഫോണ്‍ സമ്മാനിച്ച് വ്യവസായിയായ സാമൂഹിക പ്രവര്‍ത്തകന്‍.

തളിക്കുളം പത്താംകല്ലിന് പടിഞ്ഞാറ് കറപ്പംവീട്ടില്‍ കാസിമിന്റെ വീട്ടില്‍നിന്നാണ് വിഷുത്തലേന്ന് മോഷ്ടാവ് മൂന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നത്. ഷീറ്റ് കൊണ്ട് മേഞ്ഞ വീടിനകത്തു കയറിയ മോഷ്ടാവ്, മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം കുട്ടികള്‍ ഉണര്‍ന്നതോടെ പരാജയപ്പെട്ടപ്പോള്‍ മൊബൈല്‍ ഫോണുകളുമായി ഓടിരക്ഷപ്പെട്ടു. പരാതി വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് കുടുംബത്തിന്റെ അവസ്ഥ മനസ്സിലായത്.

വാടാനപ്പള്ളി എസ്.ഐ. വിവേക് നാരായണന്‍ ഇക്കാര്യം ജീവകാരുണ്യ പ്രവര്‍ത്തകന്‍ അബ്ദുള്‍ അസീസ് തളിക്കുളത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇദ്ദേഹം മുഖേന വിവരമറിഞ്ഞ തൃപ്രയാറിലെ ഓസോണ്‍ മൊബൈല്‍ ഷോപ്പുടമയും സാമൂഹികപ്രവര്‍ത്തകനുമായ എരമംഗലത്ത് അബ്ദുള്‍ റഹ്മാന്‍ കുടുംബത്തിന് പുതിയ മൊബൈല്‍ ഫോണ്‍ സമ്മാനിച്ചു.

content highlights: thief snatches mobile phones used for attending online classes, social workers gifts new phones