തളിപ്പറമ്പ്: ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, ശേഷവും ഇവര്‍ പലരുടെയും ജീവിതത്തിന് കൈത്താങ്ങാകും. തളിപ്പറമ്പ് അഗ്‌നിരക്ഷാസേനയ്ക്കുകീഴിലുള്ള സിവില്‍ ഡിഫന്‍സ് അംഗങ്ങളെക്കുറിച്ചാണ് പറയുന്നത്.

മരണശേഷം തങ്ങളുടെ അവയവങ്ങള്‍ ദാനംചെയ്യാന്‍ സന്നദ്ധരായവരാണിവര്‍. 10 വനിതകള്‍ ഉള്‍പ്പെടെ 33 പേര്‍. ഒരുവര്‍ഷത്തിലേറെയായി ഇവര്‍ നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളിലെ മറ്റൊരു നന്മയ്ക്കാണ് അന്താരാഷ്ട്ര സിവില്‍ ഡിഫന്‍സ് ദിനം സാക്ഷ്യംവഹിച്ചത്.

സര്‍ സയ്യിദ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആലക്കോട് തേര്‍ത്തല്ലിയിലെ 23-കാരി അമൃത ഗോപാലനില്‍നിന്ന് താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ. കെ.ടി.രേഖ ആദ്യ സമ്മതപത്രം ഏറ്റുവാങ്ങി. സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളില്‍ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് അമൃത.

തളിപ്പറമ്പ് സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളായി നിലവില്‍ 35 പേരാണുള്ളത്. ശ്രീകണ്ഠപുരം, തടിക്കടവ്, ആലക്കോട്, പറശ്ശിനിക്കടവ് പ്രദേശത്തുള്ളവരാണ് കൂടുതലും. രക്ഷാപ്രവര്‍ത്തനത്തിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സേന ഏറ്റെടുക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് അവയവദാനത്തിനുള്ള തീരുമാനം.

തളിപ്പറമ്പ് നഗരസഭ ഉപാധ്യക്ഷന്‍ കല്ലിങ്കീല്‍ പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു. കെ.എ.പി. നാലാം ബറ്റാലിയന്‍ എസ്.ഐ. രാധാകൃഷ്ണന്‍ കാവുമ്പായി സൈബര്‍ ബോധവത്കരണ ക്ലാസെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ റഹ്മത്ത് ബീഗം, ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.പി.ബാലകൃഷ്ണന്‍, പി.കെ.സുരേഷ്, കെ.സി.ഷെറില്‍ ബാബു, സാബിന്ദ്, നിഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സിവില്‍ ഡിഫന്‍സിന് പ്രശംസ

മികച്ച പ്രവര്‍ത്തനത്തിന് ഇതിനകം തളിപ്പറമ്പിലെ സേനയ്ക്ക് വിവിധതലങ്ങളില്‍നിന്ന് പ്രശംസയും അംഗീകാരവും ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളാണ് ഇതില്‍ പ്രധാനം. 2019 ഡിസംബറില്‍ രൂപവത്കരിച്ച ആദ്യബാച്ചിന്റെ സംസ്ഥാനതല പാസിങ് ഔട്ട് പരേഡ് കഴിഞ്ഞമാസമാണ് നടന്നത്. അഗ്‌നിരക്ഷാസേനയുടെ ഡയറക്ടര്‍ ജനറലിന് തന്നെയാണ് സിവില്‍ ഡിഫന്‍സ് സേനയുടെ ചുമതലയും. സേവനതത്പരരായ യുവതീയുവാക്കളെയാണ് സേനയിലേക്ക് തിരഞ്ഞെടുത്തത്. ഇവര്‍ക്ക് മൂന്നുതലത്തില്‍ പരിശീലനവും നല്‍കി.

കൂടാതെ യൂണിഫോമും ഗവ. അംഗീകൃത തിരിച്ചറിയല്‍ രേഖയുമുണ്ട്. മറ്റ് സേവന-വേതന വ്യവസ്ഥകളെക്കുറിച്ച് നിലവില്‍ തീരുമാനമായിട്ടില്ല.

അഗ്‌നിരക്ഷാസേനയ്‌ക്കൊപ്പം ചേര്‍ന്ന്...

  • ലോക്ഡൗണ്‍ സമയത്ത് മലയോരത്തുള്‍പ്പെടെ 6000 വീടുകളിലെ രോഗികള്‍ക്ക് മരുന്നെത്തിച്ചു.
  • താലൂക്കാസ്പത്രിയിലെ കോവിഡ് ബ്ലോക്കിലുള്‍പ്പെടെ അഞ്ചുമാസത്തെ സേവനം.
  • കോവിഡ് രോഗികളുടെ വീട്ടിലും നഗരത്തിലും അണുനശീകരണം.
  • സ്റ്റേഷന്‍ പരിധിയിലെ റോഡരികില്‍ ഉപേക്ഷിച്ച മാസ്‌കുകള്‍ ശേഖരിച്ച് ശാസ്ത്രീയമായി നശിപ്പിച്ചു.
  • വിവിധ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.


മാതൃകാപരമായ പ്രവര്‍ത്തനം

കേരളത്തില്‍ രൂപവത്കരിച്ചിട്ടുള്ള സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളില്‍ ഒരുപക്ഷേ ആദ്യമായാണ് ഒരു സ്റ്റേഷന്റെ കീഴില്‍ ഇത്രയുംപേര്‍ ഒരുമിച്ച് അവയവദാന സമ്മതപത്രം നല്‍കുന്നത്. സമൂഹത്തില്‍ വലിയ സന്ദേശമാണ് ഈ സന്നദ്ധസേന പകരുന്നത്. മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ ഇനിയും സാധിക്കട്ടെ.- കെ.പി.ബാലകൃഷ്ണന്‍, സ്റ്റേഷന്‍ ഓഫീസര്‍, തളിപ്പറമ്പ് അഗ്‌നിരക്ഷാനിലയം.

മികച്ച യൂണിറ്റായി മാറി

ദുരന്തമുഖങ്ങളില്‍ ആദ്യമെത്തുന്ന പൊതുജനങ്ങളെ ആവശ്യമായ പരിശീലനം നല്‍കി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കിയ വിഭാഗമാണ് സിവില്‍ ഡിഫന്‍സ് സേന. കേരളത്തില്‍ അഗ്‌നിരക്ഷാസേനയുടെ കീഴില്‍ പരിശീലനം നേടിയ സേവന സന്നദ്ധരായ നിസ്വാര്‍ഥപ്രവര്‍ത്തകരാണ് സേനയുടെ കരുത്ത്. ചിട്ടയായ പരിശീലനവും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുംകൊണ്ട് കേരളത്തിലെ ഏറ്റവും നല്ല യൂണിറ്റായി മാറാന്‍ തളിപ്പറമ്പ് സിവില്‍ ഡിഫന്‍സ് യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്.- പി.കെ.സുരേഷ്,നിലയം വാര്‍ഡന്‍, സിവില്‍ ഡിഫന്‍സ് സേന.

content highlights: thaliparamb civil defence unit members organ donation