ചേര്‍ത്തല: എല്ലാകടകളിലും കയറി പ്രളയബാധിതര്‍ക്കായി തുണിത്തരങ്ങള്‍ ശേഖരിച്ച എന്‍.എസ്.എസ്. വൊളന്റിയര്‍മാരെ അമ്പരപ്പിച്ച് യുവാവ്. എന്തെങ്കിലും തുണിയെന്ന വൊളന്റിയര്‍മാരുടെ ആവശ്യത്തിനുമുന്നില്‍ കടയില്‍ നിറഞ്ഞിരുന്ന ഒരു സ്റ്റാന്‍ഡുതന്നെ കൈമാറിയാണ് പ്രദീപ് കനിവുകാട്ടിയത്.

ഇതില്‍ അമ്പരന്ന എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചപ്പോഴാണ് കനിവിന്റെ ചേര്‍ത്തല മാതൃകയായി പ്രദീപ്മാറിയത്. പ്രദീപിന്റെ പ്രവൃത്തിയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വൊളന്റിയര്‍മാരാണ് സഹായം തേടിയിറങ്ങിയത്.

തിങ്കളാഴ്ച രാവിലെയാണ് കൊക്കോതമഗംലം മണവേലി കൊച്ചുതറ പ്രദീപ്കുമാറിന്റെ ഉടമസ്ഥതയില്‍ ഗേള്‍സ് സ്‌കൂളിന് സമീപമുള്ള കെ.എല്‍. 32 ജെന്റ്സ്വെയര്‍ എന്ന കടയില്‍ വൊളന്റിയര്‍മാരെത്തിയത്. കടയിലെത്തി ആവശ്യം അറിയിച്ചതോടെ ആവശ്യംപോലെ എടുത്തോളൂ എന്നായിരുന്നു മറുപടി. വന്നവര്‍ മതിയെന്ന് പറഞ്ഞിട്ടും കൊണ്ടുപോകാവുന്നതിലധികം കൊടുത്തു. ആവശ്യമുണ്ടെങ്കില്‍ ഇനിയുംതരാമെന്ന വാഗ്ദാനവും.

ഒന്നോ, രണ്ടോ ഷര്‍ട്ട് എടുക്കാനായി തുടങ്ങിയപ്പോള്‍ ഒരുസ്റ്റാന്‍ഡ് കാണിച്ചുകൊടുത്തിട്ട് പറഞ്ഞു, ആ സ്റ്റാന്‍ഡ് ഉള്‍പ്പെടെ എടുത്തോളൂ എന്ന്. എറണാകുളത്തെ വഴിയോരക്കച്ചവടക്കാരന്‍ നൗഷാദിന്റെ പ്രവര്‍ത്തനങ്ങള്‍ വൈറലായതോടെയാണ് എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ പ്രദീപിന്റെ നിശ്ശബ്ദദാനം സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമാക്കിയത്. ഇതോടെ വലിയ അഭിനന്ദനമാണ് പ്രദീപിനെ തേടിയെത്തുന്നത്.

സ്വകാര്യ മരുന്നുകമ്പനി ജീവനക്കാരനായിരുന്ന പ്രദീപ് കഴിഞ്ഞ പ്രളയത്തില്‍ വിവിധ കമ്പനികളില്‍നിന്നായി ലക്ഷങ്ങളുടെ മരുന്ന് ക്യാമ്പുകളില്‍ എത്തിച്ചുനല്‍കിയിരുന്നു. പിന്നീടാണ് ടെക്സ്റ്റയില്‍സ് തുടങ്ങിയത്. നമ്മളുണ്ടാക്കുന്നതാണിതെല്ലാം, വേദനിക്കുന്നവര്‍ക്കായി എന്തെങ്കിലും ചെയ്താലേ ജീവിതത്തിന് അര്‍ഥമുണ്ടാകുകയുള്ളൂ എന്നാണ് പ്രദീപ് പറയുന്നത്.

content highlights: textile owner donates cloathes to flood victims