കോട്ടയം: 'ചേച്ചി... ഈ കൈയില്‍ പിടിച്ചോ... ഇങ്ങ് നീങ്ങി വാ... ഞാന്‍ പിടിക്കാം ചേച്ചിയെ' മീനച്ചിലാറ്റിലെ വെള്ളത്തില്‍വീണ ചേച്ചിയെ കുഞ്ഞനിയന്‍ ഉറക്കെ വിളിച്ചു.

ചേച്ചി വെള്ളത്തില്‍ മുങ്ങിത്താഴുകയാണെന്ന് കുഞ്ഞ് സഹോദരന് മനസ്സിലായില്ല. പക്ഷേ, ദൈവദൂതനെപ്പോലെ ആ നിമിഷമാണ് പത്താംക്‌ളാസ് വിദ്യാര്‍ഥിയായ തിരുവാര്‍പ്പ് പരപ്പേല്‍ പി.ആര്‍.കാശിനാഥ് ആ വഴിയിലൂടെ സൈക്കിളില്‍ പോയത്. ആറിനരുകില്‍ രണ്ട് കൊച്ചുകുട്ടികള്‍! ഇവര്‍ ആറ്റിലേക്കുനോക്കി ആരെയോ വിളിക്കുന്നത് ദൂരെനിന്ന് കാശിനാഥ് കണ്ടു. സൂക്ഷിച്ച് നോക്കിയപ്പോള്‍ ഒരാള്‍ മുങ്ങിത്താഴുന്നു. പിന്നെ കാശിനാഥ് ഒന്നും ആലോചിച്ചില്ല. ഓടിച്ചുവന്ന സൈക്കിള്‍ അവിടെയിട്ടിട്ട് വെള്ളത്തിലേക്ക് എടുത്തുചാടി. കുട്ടിയെ പൊക്കിയെടുത്തു.

കുറച്ച് വെള്ളം കുടിച്ചെന്നതൊഴിച്ചാല്‍ കുട്ടിക്ക് യാതൊരു പ്രശ്‌നവുമുണ്ടായില്ല. തിരുവാര്‍പ്പ് മാലത്തുശ്ശേരിയില്‍ ഷാമോന്റെയും സജീനയുടെയും മകളായ ഏഴുവയസ്സുകാരി റെമീഷയാണ് വെള്ളത്തില്‍വീണത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചിനുശേഷം റമീഷയും അനിയനും അയല്‍പക്കത്തുള്ള വേറൊരു കുട്ടിയുമായി കടയില്‍ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അനുജന്റെ ചെരുപ്പ് ആറ്റില്‍വീണപ്പോള്‍ കൈയിട്ടെടുക്കാന്‍ ശ്രമിക്കവേയാണ് റമീഷ വെള്ളത്തില്‍ വീണത്. കുമരകം എസ്.കെ.എം.എച്ച്.എസ്.എസിലെ രണ്ടാം ക്‌ളാസ് വിദ്യാര്‍ഥിനിയാണ് റമീഷ.

അപകടമുണ്ടായ മാലത്തുശ്ശേരി പ്രദേശത്ത് ഒരുഭാഗത്ത് ആറും മറുഭാഗത്ത് പാടശേഖരവുമാണ്. ഇവയ്ക്ക് നടുവിലൂടെയാണ് റോഡ്. സമീപത്തെങ്ങും വീടുകളുമില്ല. അപകടം സംഭവിച്ചാല്‍ പെട്ടെന്ന് വേറൊരാള്‍ അറിയാനിടയുമില്ല. ഇങ്ങനെയുള്ള പ്രദേശത്ത് കാശിനാഥിന്റെ അവസരോചിതമായ ഇടപെടലിലാണ് കുട്ടിയെ ജീവനോടെ കിട്ടിയതുതന്നെ.

കാശിനാഥിനൊപ്പം പുറകേ സൈക്കിളിലെത്തിയ മാന്നാനം കെ.ഇ.കോളേജിലെ ബി.എസ്സി. മാത്സ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ കൂട്ടുകാരന്‍ ആരോമലാണ് വെള്ളത്തില്‍നിന്ന് കാശിനാഥ് രക്ഷപ്പെടുത്തിയ കുട്ടിയെ കൈപിടിച്ച് കരയിലേക്കുകയറ്റിയത്.

കോട്ടയം ലൂര്‍ദ് പബ്‌ളിക് സ്‌കൂളിലെ പത്താംക്‌ളാസ് വിദ്യാര്‍ഥിയായ കാശിനാഥിന് തിങ്കളാഴ്ചയായിരുന്നു രണ്ടാംവട്ടം നടന്ന മോഡല്‍ പരീക്ഷ അവസാനിച്ചത്. വീട്ടിലെത്തി വൈകീട്ട് അഞ്ചിനുശേഷം വീട്ടുപരിസരത്തൂടെ സൈക്കിള്‍ സവാരി നടത്താനിറങ്ങിയതാണ് കാശിനാഥ്. അപ്പോഴാണ് ഈ സംഭവം കണ്ടത്.

അയ്മനം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തിരുവാര്‍പ്പ് പരപ്പേല്‍ പി.കെ.രഞ്ജീവിന്റെയും രമയുടെയും മകനാണ് കാശിനാഥ്. സഹോദരി ശിവകാമി കൊല്ലം മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ്. 

content highlights: tenth standard student rescues girl from drowning