image
ഷമീര്‍ വിദ്യാര്‍ഥിയുടെ വീട്ടിലെത്തി ക്ലാസെടുക്കുന്നു.

മങ്കട(മലപ്പുറം): മൊബൈല്‍ഫോണിന്റെ സാങ്കേതിക തകരാറുകള്‍ കൊണ്ടോ, നെറ്റ്‌വര്‍ക്കിന്റെ വേഗതക്കുറവുകൊണ്ടോ ഓണ്‍ലൈന്‍ ക്ലാസിന് തടസ്സം നേരിട്ടാല്‍ കിലോമീറ്ററുകള്‍ യാത്രചെയ്ത് വിദ്യാര്‍ഥികളുടെ വീടുകളിലെത്തി ക്ലാസെടുക്കുന്ന അധ്യാപകനുമുണ്ട് നമുക്കിടയില്‍. പാതിരമണ്ണയിലെ നെച്ചിക്കാട്ടില്‍ ഷമീറാണ് ആ അധ്യാപകന്‍.

ഗൂഗിള്‍ മീറ്റ് ക്ലാസില്‍ പങ്കെടുക്കാന്‍ പ്രയാസംപറഞ്ഞ കുട്ടിയുടെ വീട്ടില്‍ അപ്രതീക്ഷിതമായെത്തിയാണ് കുട്ടിയോടൊപ്പം ചേര്‍ന്ന് ലൈവായി ക്ലാസെടുത്ത് സാമൂഹികമാധ്യമങ്ങളിലൂടെ ഷമീര്‍ ശ്രദ്ധേയനായത്. മാവുണ്ടിരിക്കടവ് മാരായമംഗലം ഇരശ്ശേരി ഹസ്സന്‍ സുഹ്‌റ ദമ്പതിമാരുടെ മകനായ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥി മുഹമ്മദ് മുസ്തഫയുടെ കൂടെയിരുന്നാണ് ഉറുദു ക്ലാസ് എടുത്തത്.

അനുഭവം പങ്കുവെച്ച് നന്ദി രേഖപ്പെടുത്തി വിദ്യാര്‍ഥിയുടെ മാതാവ് സുഹ്‌റ ഹസ്സന്‍ സ്‌കൂള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ്‌ചെയ്ത ശബ്ദസന്ദേത്തിലൂടെയാണ് വിവരം പുറത്തറിയുന്നത്.

ട്രാന്‍സ്ഫര്‍ പ്രകാരം ഷമീര്‍ ഇപ്പോള്‍ ജോലിചെയ്യുന്നത് കടുങ്ങപുരം ജി.എച്ച്.എസ്.എസിലാണ്. സ്ഥലംമാറ്റത്തെത്തുടര്‍ന്ന് ഒഴിവുവന്ന മുന്‍പ് ജോലിചെയ്തിരുന്ന കുന്നക്കാവ് ജി.എച്ച്.എസ്.എസിലെ ഉറുദു അധ്യാപകതസ്തികയില്‍ പുതിയ അധ്യാപകന്‍ വരുന്നതുവരെ ഷമീര്‍ തന്നെയാണ് ഓണ്‍ലൈന്‍ ക്ലാസ് കൈകാര്യം ചെയ്യുന്നത്.

content highlights: teacher who visits and teaches those students who were unable to attend online class