ഹരിപ്പാട്: കളഞ്ഞുകിട്ടിയ രണ്ടുപവന്റെ സ്വർണമാല സ്‌കൂൾ അധ്യാപിക പോലീസിൽ ഏൽപ്പിച്ചു. പണയംവയ്ക്കാൻ കൊണ്ടുപോകുന്നതിനിടെ നഷ്ടപ്പെട്ട മാലയാണിതെന്ന് പോലീസ് അന്വേഷണത്തിൽ ബോധ്യമായി.  ഉടമയെ കണ്ടെത്തിയശേഷം അധ്യാപികയെ പോലീസ് വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് അധ്യാപിക തന്നെ മാല ഉടമയ്ക്ക് കൈമാറി.

തുലാംപറമ്പ് പുത്തൻപുരയിൽ ലിസിയുടെ മാല പൊത്തപ്പള്ളി ഗവ. എൽ.പി. സ്‌കൂൾ അധ്യാപിക ജലജയ്ക്കാണ് കിട്ടിയത്. കഴിഞ്ഞദിവസം രാത്രി ഭർത്താവ് അനിൽകുമാറിനൊപ്പം കെ.എസ്.ആർ.ടി.സി. സ്റ്റേഷനിൽ ബസ് ഇറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ജലജ മാല കണ്ടത്. ഉടൻ സ്‌റ്റേഷനിലെത്തി മാല പോലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു.

ലിസിയുടെ ഭർത്താവ് വൈകുന്നേരം നഗരത്തിലെ ഒരു സ്ഥാപനത്തിൽ പണയംവയ്ക്കാൻ കൊണ്ടുപോയപ്പോഴാണ് മാല നഷ്ടപ്പെട്ടതെന്ന് പോലീസ് അന്വേഷണത്തിൽ മനസ്സിലായി. ഇതിനുശേഷമാണ് ലിസിയെയും ജലജയെയും ഉദ്യോഗസ്ഥർ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഞായറാഴ്ച രാവിലെ ജലജ ലിസിക്ക് മാല കൈമാറി.

content highlights: teacher returns gold chain to owner