ചാത്തന്നൂര്‍(കൊല്ലം): ആദിച്ചനല്ലൂര്‍ ഗവ. യു.പി.സ്‌കൂളിലെ വിദ്യാര്‍ഥി പ്രണയ് പഠിക്കാന്‍ ക്ലാസില്‍ ഒന്നാമന്‍. പക്ഷേ ഫോണില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങിയ വിഷമം ഉള്ളിലൊതുക്കിക്കഴിഞ്ഞ ഏഴാംക്ലാസുകാരന് ഒടുവില്‍ ഫോണ്‍ എത്തി.

സഹപാഠികളായ കൂട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ പഠനം നടത്തുമ്പോള്‍ പഠനം മുടങ്ങിയതിന്റെ വിഷമം മാതാപിതാക്കളോട് പങ്കുവെച്ചെങ്കിലും ഫോണ്‍ വാങ്ങിനല്‍കാന്‍, ജോലിയില്ലാതെ വിഷമിക്കുന്ന അവര്‍ക്ക് കഴിയുമായിരുന്നില്ല. പ്രണയ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതെ വിഷമിച്ചത് വൈകിയാണ് അധ്യാപകര്‍ അറിയുന്നത്. താമസിയാതെ സ്‌പോണ്‍സര്‍മാരെ തേടി അധ്യാപകരും രംഗത്തെത്തി.

കുട്ടികള്‍ക്ക് കഥാപുസ്തകങ്ങള്‍ വീട്ടിലെത്തിച്ചുനല്‍കുന്നതിന്റെ ഭാഗമായി ബാലസാഹിത്യകാരന്‍ സന്തോഷ് പ്രിയന്‍ വിദ്യാര്‍ഥിയുടെ വീട്ടിലെത്തിയപ്പോഴാണ് പഠനം മുടങ്ങിയത് അറിയുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവാസിമലയാളികളുടെയും നാട്ടിലെ സുമനസ്സുകളുടെയും സഹായത്തോടെ ഫോണ്‍ വാങ്ങിനല്‍കുകയായിരുന്നു.

ആദിച്ചനല്ലൂര്‍ പ്ലാക്കാട് സ്വദേശിയായ പ്രണയിന്റെ വീട്ടിലെത്തി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ വൈ.നാസറുദീന്‍, സ്റ്റാഫ് സെക്രട്ടറി ഡി.കെ.സാബു, ജി.എസ്.ഷിബു എന്നിവരുടെ സാന്നിധ്യത്തില്‍ സന്തോഷ് പ്രിയന്‍ ഫോണ്‍ കൈമാറി.

content highlights:student whose family can not afford a phone get one from samaritans