തൃശ്ശൂര്‍: കോവിഡ് കാലത്ത് കൈവിട്ടുപോയ തെരുവിലെ നായകളെത്തേടി അമ്പിളി യാത്ര തുടങ്ങി. മുടിക്കോട്ടുള്ള വീട്ടില്‍നിന്ന് മണ്ണുത്തിയിലേക്കാണ് സൈക്കിളിലെ യാത്ര. ഇത്തവണ 'കിട്ടു'വുമുണ്ട്. ആരോ വഴിയില്‍ ഉപേക്ഷിച്ച മികച്ചയിനം നായയാണ് കിട്ടു. പരിശീലനം കിട്ടിയിട്ടുമുണ്ട്.

കിട്ടുവിനെ അമ്പിളി കണ്ടെത്തിയതിന് ഒരു കോവിഡ്കാല കഥയുണ്ട്. തെരുവിലെ നായകള്‍ക്കും പൂച്ചകള്‍ക്കും രാത്രിഭക്ഷണം നല്‍കുന്നതിനിടെ മണ്ണുത്തിയിലെ വെറ്ററിനറി സര്‍വകലാശാലയ്ക്കടുത്താണ് കിട്ടുവിനെ കണ്ടത്.

ലോക്ഡൗണ്‍ തുടങ്ങിയതോടെ ഭക്ഷണം നല്‍കുന്നത് നിര്‍ത്തിയെങ്കിലും കിട്ടുവിനെ ഓര്‍മയുണ്ടായിരുന്നു.

ലോക്ഡൗണിനിടെ ഒരു ദിവസം മണ്ണുത്തിയിലെ വെറ്ററിനറി സര്‍വകലാശാലയ്ക്ക് സമീപം കിട്ടുവിനെ തേടിയെത്തിയെങ്കിലും അവിടെയുണ്ടായിരുന്നില്ല. വെറ്ററിനറി സര്‍വകലാശാലയിലെ ആരോ കൊണ്ടുപോയെന്ന വിവരം കിട്ടി അവിടെയെത്തി. അവിടെ പുറത്തിറക്കാനിരിക്കുന്ന പുതിയ അരുമഭക്ഷണത്തിന്റെ പരീക്ഷണത്തിനായി എത്തിച്ചതായിരുന്നു കിട്ടുവിനെ.

അമ്പിളിയുടെ സ്‌നേഹം മനസ്സിലാക്കി കിട്ടുവിനെ സര്‍വകലാശാലക്കാര്‍ കൈമാറി. അസുഖബാധിതനായിരുന്ന കിട്ടുവിന് ചികിത്സയും പരിചരണവും നല്‍കി. ഇപ്പോള്‍ അമ്പിളിയോടൊപ്പം എവിടെയും പോകും കിട്ടു.

കാല്‍നൂറ്റാണ്ടു മുമ്പ് മണ്ണുത്തി-മുടിക്കോട് മേഖലയിലെ ജനകീയ ഡോക്ടറായിരുന്ന ഭാസ്‌കരന്റെ(ബോധി) ഏക മകളാണ് അമ്പിളി. അമ്മ രാധയുടെ മരണശേഷം മുടിക്കോട്ടെ വീട്ടില്‍ ഒറ്റയ്ക്കാണ്. കൂട്ടിന് കോവിഡ് കാലത്ത് കൂടെക്കൂട്ടിയ മൂന്നു തെരുവു നായ്ക്കളും 15 പൂച്ചകളുമുണ്ട് . നൃത്തവും സംഗീതവും ശാസ്ത്രീയമായി പഠിച്ച അമ്പിളിക്ക് ധാരാളം ശിഷ്യരുമുണ്ട്.

content highlights: story of amblili and her dog kittu