' തുക ഒന്നിനും തികയില്ലെന്ന് എനിക്ക് നന്നായി അറിയാം എങ്കിലും തന്നെ കൊണ്ട് പറ്റുന്ന ചെറിയ സഹായം അതും ജന്മദിനത്തില്‍ ചെയ്യാനായതില്‍ കൃതാര്‍ത്ഥനാണ്.' മുഖ്യമന്ത്രിക്കൊപ്പം കാൽകൊണ്ട് സെൽഫിയെടുക്കുന്ന പ്രണവിനെ സോഷ്യൽ മീഡിയക്ക് പരിചയപ്പടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. ജന്മദിനത്തിൽ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനെത്തിയതായിരുന്നു പ്രണവ്.  

 ആലത്തൂര്‍ സ്വദേശിയാണ് പ്രണവ്. ജന്മനാ ഇരുകൈകളുമില്ല.  കുറവുകളെ മറികടന്ന് പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും കഴിവുതെളിയിച്ച  പ്രണവ് റിയാലിറ്റി ഷോകളിലൂടെ സ്വരൂപിച്ച പണമാണ് ചൊവ്വാഴ്ച രാവിലെ നിയമസഭാ മന്ദിരത്തിൽ നേരിട്ട് പോയി മുഖ്യമന്ത്രിക്ക് കൈമാറിയത്.  പ്രണവിനൊപ്പം അച്ഛനും അമ്മയും ആലത്തൂര്‍ എം.എല്‍.എ കെ.ഡി പ്രസേനനും ഉണ്ടായിരുന്നു.

ഇന്നെന്റെ ജന്മദിനമാണ് അത് വ്യത്യസ്തമായി ആഘോഷിക്കണമെന്നുണ്ടായിരുന്നു ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ശേഷം നാട്ടില്‍ ധാരാളം പ്രോഗാം ലഭിച്ചിരുന്നു. അങ്ങനെ കിട്ടിയ ചെറിയ തുകയാണിത്. വ്യത്യസ്തമായി തന്നെ ജന്മദിനം ആഘോഷിക്കണമെന്നുണ്ടായിരുന്നു അത് ഇങ്ങനെ ചെയ്യണമെന്ന് മനസ് പറഞ്ഞു അങ്ങനെയാണ് ഇത്തരത്തില്‍ പ്രളയബാധിതര്‍ക്ക് എന്നാല്‍ കഴിയുന്ന സഹായം നല്‍കാമെന്ന് വിചാരിച്ചത്. - പ്രണവ് പറയുന്നു. 

'അദ്ദേഹം ഒരു ചൂടനാണെന്നാണ് മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നത് പക്ഷേ വളരെ സൗമ്യമായിട്ടാണ് എന്നോട് സംസാരിച്ചത്. ആർക്കൊപ്പവും അദ്ദേഹം ഇത്രയധികം നേരം ചിലവഴിക്കാറില്ലെന്ന് അവിടെത്തെ സ്റ്റാഫ് പറഞ്ഞു. കൈകള്‍ ഇല്ലാത്തതിനാല്‍ കാലുകൊണ്ടൊരു ഷേക്കഹാന്‍ഡ് ഞാന്‍ അദ്ദേഹത്തിന് നല്‍കി.കാലുകള്‍ കൊണ്ട് ഞാന്‍ സെല്‍ഫിയൊക്കെ എടുത്തിരുന്നു. ഇന്നെന്റെ ജന്മദിനമാണെന്ന് പറഞ്ഞപ്പോള്‍ ഒരായിരം ജന്മദിനാശംസകളെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ ഞാന്‍ ചെക്ക് നല്‍കി. ഇത് വളരെ ചെറിയ തുകയാണെന്ന് പറഞ്ഞപ്പോള്‍ ''ഇത് തന്നെ വലിയ തുകയല്ലേ പ്രണവേ'' എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ സര്‍ക്കാര്‍ ഭിന്നശേഷിക്കാരെ നൂറു ശതമാനം സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന്  പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങിയാണ് ഞാന്‍ മടങ്ങിയത്. പുഞ്ചിരിയോടെയാണ് അദ്ദേഹം എന്നെ യാത്രയാക്കിയത്. വളരെയധികം സന്തോഷം തോന്നുന്നു. ഒരായിരം കേക്ക് മുറിച്ച് കഴിച്ച സന്തോഷമാണ് എനിക്ക് ഇന്നുണ്ടായത്.'

1

2019 നെഹ്റു ട്രോഫി ജലോത്സവം ഉദ്ഘാടനം ചെയ്യാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ കാണാനായും പ്രണവ് എത്തിയിരുന്നു. സച്ചിനെ നേരിട്ട് കണ്ട് താന്‍ വരച്ച ചിത്രം കൊടുത്ത് അദ്ദേഹത്തോടൊപ്പം സെല്‍ഫിയുമെടുത്തിട്ടാണ് പ്രണവ് മടങ്ങിയത്. ജീവിതത്തില്‍ എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ എന്ന് സച്ചിന്‍ ആശംസിക്കുകയും ചെയ്തു. പീന്നിട് വള്ളംകളി ഉദ്ഘാടനം ചെയ്തതിന് ശേഷം പ്രണവ് വരച്ച ചിത്രം കാണികളെ ഉയര്‍ത്തിക്കാട്ടാനും സച്ചിന്‍ മറന്നില്ല.

2

സ്‌പോര്‍ട്‌സ്, ചിത്രകല തുടങ്ങി നിരവധി കലാകായിക ഇനങ്ങളില്‍ പ്രണവ് പ്രഗത്ഭനാണ്. ഗവ ചിറ്റൂര്‍ കോളേജില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ പി.എസ്.സി പരീക്ഷകള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് പ്രണവ്.

Content Highlights: Differently abled pranav about cheif minister Pinarai Vijayan